ശാസ്താംകോട്ട: തടാകതീരത്ത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ടൂറിസം പദ്ധതികൾ നടപ്പിലാക്കി തുടങ്ങിയതോടെ തടാകം സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. തടാകം ജലസമ്യദ്ധമാവുകയും വിവിധ പദ്ധതികളിലൂടെയും പരിസ്ഥിതി ദിനാചരണത്തത്തിന്റെയും ഭാഗമായി വച്ച് പിടിപ്പിച്ച മരങ്ങളും മുളകളും തടാകതീരത്ത് ഹരിതാഭ സൃഷ്ടിച്ചതോടെ തടാകതീരം കൂടുതൽ മനോഹരമായി.
ഒന്നും അറിയാതെ പൊലീസ്
സന്ദർശിക്കുന്നവരുടെ എണ്ണം വർദ്ധിച്ചങ്കിലും അതിന്റ മറവിൽ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമായി. നിരവധി കുടുംബങ്ങൾ അവധി ദിവസങ്ങളിലും മറ്റും തടാകം കാണുന്നതിനും ബോട്ടിംഗിനും ഇവിടെ എത്തുന്നുണ്ട്. എന്നാൽ തടാകം കാണാനെന്ന വ്യാജേന ഇവിടെ എത്തുന്ന ഒരു വിഭാഗം മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, മറ്റ് അസാന്മാർഗിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തടാകതീരം ഉപയോഗിക്കുന്നു. ഇതിനാൽ യഥാർത്ഥ സന്ദർശകർക്ക് വളരെയേറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷൻ മുതൽ ഡിവൈ.എസ്.പി ഓഫീസിന്റെ വരെ വിളിപ്പാടകലെയാണ് ഇതെല്ലാം നടക്കുന്നതെങ്കിലും ഇക്കാര്യത്തിൽ പൊലീസ് നിസംഗത പാലിക്കുന്നുവെന്നാണ് പരാതി.