തൊടിയൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിക്കേണ്ട നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ കരുനാഗപ്പള്ളി ഗ്രൂപ്പ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്റെ വരുമാന വർദ്ധനവിനായി ഓച്ചിറ ഭജനമഠം ലേലം ചെയ്ത് പ്രവർത്തിപ്പിക്കുക, പെൻഷൻ പറ്റിയവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക,ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ കോൺഫെഡറേഷൻ ഉന്നയിച്ചു.സംസ്ഥാന പ്രസിഡന്റ് ആർ.ഷാജി ശർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. ഡി.ശ്രീകുമാർ ,വത്സല കുമാരി, ഇടക്കുളങ്ങര ഗോപൻ, ആർ.വിജയൻ പിള്ള, ആർ.അയ്യപ്പരാജ് എന്നിവർ സംസാരിച്ചു.