photo
കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ എഴുപത്തഞ്ചാം അനുസ്മരണ സമ്മേളനം കോട്ടാത്തലയിൽ സി.പി.ഐ ദേശീയ എക്സി.അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പാവപ്പെട്ടവർക്ക് കഷ്ടപ്പാടുകൾ ഉള്ളിടത്തോളം കമ്മ്യൂണിസത്തിന് മരണമില്ലെന്ന് സി.പി.ഐ ദേശീയ എക്സി.അംഗം പന്ന്യൻ രവീന്ദ്രൻ പ്രസ്താവിച്ചു. കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ 75-ാം അനുസ്മരണ സമ്മേളനം കോട്ടാത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണ് കമ്മ്യൂണിസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. മഹാബലിയുടെ ഭരണമാണ് ശരിക്കും സോഷ്യലിസ്റ്റ് ഭരണമെന്ന് പറയാതെവയ്യ. അതേ നിലയിലേക്ക് ഇനിയുള്ള കാലവും എത്തണം. കമ്മ്യൂണിസത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം ഒതുങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടായി. തിരുവിതാംകൂറിൽ കമ്മ്യൂണിസം മരിച്ചുവെന്ന് പ്രഖ്യാപിച്ച സർ സി.പി മൂക്കില്ലാതെ ഓടേണ്ടിവന്ന സാഹചര്യമൊന്നും മറക്കാതിരിക്കുന്നതാണ് നല്ലത്. പാവപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങൾക്കുവേണ്ടി നിലയുറപ്പിച്ചതുകൊണ്ടാണ് രക്തസാക്ഷിത്വത്തിന്റെ ഏഴര പതിറ്റാണ്ടെത്തിയിട്ടും കോട്ടാത്തല സുരേന്ദ്രന്റെ ഓർമ്മകൾക്ക് കൂടുതൽ കരുത്തേകുന്നതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ദിനാചരണ കമ്മിറ്റി ചെയർമാൻ എൻ.സജിമോൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, നേതാക്കളായ കെ.രാജഗോപാൽ, എ.മന്മദൻ നായർ, പി.എ.എബ്രഹാം, പി.കെ.ജോൺസൺ, ജെ.രാമാനുജൻ, എ.എസ്.ഷാജി, എൻ.ബേബി, എം.ചന്ദ്രൻ, വി.രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ശക്തി പ്രകടനവും രാവിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ അനുസ്മരണ പരിപാടികളും നടത്തി.