കടയ്ക്കൽ : എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ ഭാഗമായി ചിതറ എസ്.എൻ.എച്ച്.എസിലെ 50ൽ പരം എൻ.എസ്.എസ് വോളണ്ടിയേഴ്സും അദ്ധ്യാപകരും പൊതുപ്രവർത്തകരും പോട്ടെമാവ് ട്രൈബൽ എക്സ്റ്റൻഷൻ സെന്ററിലെ 93 കുടുംബങ്ങളിലെ നിവാസികളോടൊപ്പം സ്നേഹസംഗമം നടത്തി. സംഗമം ചിത്രകാരനും മുൻ കേന്ദ്ര ലളിതകലാ അക്കാഡമി സെക്രട്ടറിയുമായ ടി.എ.സത്യപാൽ ഉദ്ഘാടനം ചെയ്തു. ശംഖോലി ഗോത്ര സംഘം അവതരിപ്പിച്ച ഗോത്ര കലാരൂപം കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. ആദിവാസി ജന വിഭാഗങ്ങളുടെ ശാക്തീകരണ ഇടപെടലുകൾക്ക് പ്രാമുഖ്യം നൽകുന്ന ഒരു സ്കൂൾ തുടർ പദ്ധതി എന്ന നിലയിലാണ് ഈ പരിപാടി സംഘടിക്കപ്പെട്ടത്. ഗോത്ര മൂപ്പൻ നാരായണ കാളിയെ പൊന്നാടയും തലപ്പാവും അണിയിച്ച് ചടങ്ങിൽ ആദരിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് ഷിനു മടത്തറ,എസ്. എൻ. ഡി. പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, വാർഡ് മെമ്പർ എം. ജി. ജയ്സിംഗ്, എൻ. എസ്. എസ് ജില്ലാ കോ -കൺവീനർ അഭിലാഷ് , ക്ലസ്റ്റർ കൺവീനർ സജി എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ കെ. ടി .സാബു, സ്റ്റാഫ് സെക്രട്ടറി പ്രസീദ് എ,ബിനു ,പ്രിജി ഗോപിനാഥ്, ഒ. ജെ. ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.