കൊല്ലം: വീട്ടമ്മ നൽകിയ ഗാർഹിക പീഡന കേസിൽ, ഭർത്താവ് വീട് വിട്ടു പോകണമെന്ന് കോടതിയുടെ അടിയന്തര ഇടക്കാല ഉത്തരവ്. ഗാർഹിക പീഡനത്തിൽ നിന്ന് സ്‌ത്രീകൾക്ക് സംരക്ഷണം നൽകുന്ന, 2005ലെ നിയമ പ്രകാരം അഗസ്‌റ്റ് 27ന് ഫയൽ ചെയ്‌ത ഹർജിയിലാണ് കൊല്ലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജിക്കൊപ്പം ഹാജരാക്കിയ സത്യവാങ്മൂലവും അനുബന്ധ രേഖകളും പരിശോധിച്ചതിൽ നിന്ന് പ്രഥമദൃഷ്‌ട്യാ ഗാർഹിക പീഡനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരാതിക്കാരിയുടെ സുരക്ഷയെ മുൻനിറുത്തിയുള്ള നിരീക്ഷണം. 41കാരിയായ വീട്ടമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും ഹർജിക്കാരായി ഫയൽ ചെയ്‌ത പരാതിയിൽ അഡ്വ. എം.എം. ഹുമയൂൺ ഹാജരായി. ഇടക്കാല ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഇരവിപുരം എസ്.എച്ച്.ഒയ്ക്കും ജില്ലാ വനിത, ശിശു സംരക്ഷണ ഓഫീസർക്കും നിർദേശം നൽകി. കേസിലെ തുടർനടപടികൾ ഇരുഭാഗത്തെയും കേട്ട ശേഷമായിരിക്കുമെന്നും കോടതി പറഞ്ഞു.