കറവൂർ: കിഴക്കൻ മേഖലയിലെ പ്രധാന പ്രശ്നമായിരുന്നു മൊബൈൽ ഫോണുകൾക്ക് നെറ്റ്‌വർക്ക് ലഭിക്കാത്തത്. ഓൺലൈൻ പഠനകാലത്ത് റേഞ്ച് തപ്പി മരത്തിന് മുകളിലിരുന്ന് പഠിച്ച കുട്ടികൾ വാ‌ർത്തകളിൽ ഇടം നേടിയിരുന്നു. ഒരുപാട് പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം മേഖലയിൽ മൊബൈൽ ടവറുകൾ നി‌‌ർമ്മിച്ചത് പ്രദേശവാസികൾക്ക് ആശ്വാസവുമായി. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയ മൊബൈൽ ടവറുകളിൽ നിന്ന് ഉപയോക്താക്കൾക്ക് ഇതുവരെ സേവനം ലഭ്യമായിട്ടില്ല.

നി‌ർമ്മാണം പൂ‌ർത്തിയാക്കിയ ടവറുകൾ

കറവൂർ , വണ്ടിത്തടം ,പെരുംതോയിൽ, വെരുകുഴി,മുള്ളുമല, ചെരിപ്പിട്ടകാവ് ,ചെമ്പനരുവി,ആവണിപ്പാറ,ചെറുകടവ്,അച്ഛൻകോവിൽ ധർമ്മശാസ്‌താ ക്ഷേത്രം തുടങ്ങിയിടങ്ങളിലാണ് പണി പൂർത്തിയായ ശേഷവും സേവനം നൽകാൻ കഴിയാതെ ടവറുകൾ ഉദ്ഘാടനം കാത്ത് കിടക്കുന്നത്.

വാഗ്ദാനങ്ങൾ മാത്രം

തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ടവറുകൾ കണക്‌റ്റ് ചെയ്യാൻ പോകുന്നതായി വാഗ്ദാനങ്ങൾ നൽകുമെങ്കിലും ഒന്നും സംഭവിക്കാറില്ല. ഇപ്പോൾ ഉദ്‌ഘാടനത്തിനെത്തുന്ന പ്രമുഖർക്കായി ടവറുകൾ കാത്ത് കിടക്കുന്നതായാണ് പരാതി.