കൂട്ടത്തോടെ അടച്ചി​ടേണ്ട അവസ്ഥ

കൊല്ലം: വാങ്ങുന്നവർക്ക് ഭീമമായ നഷ്ടമുണ്ടാകുന്ന വി​ധം ആഗോളവിപണിയിൽ തോട്ടണ്ടി വിലയിലുണ്ടായ വൻ വർദ്ധനവ് മൂലം, നിലവിലെ സ്റ്റോക്ക് തീരുന്നതോടെ പൊതുമേഖലയിലേതടക്കമുള്ള കശുഅണ്ടി ഫാക്ടറികൾ കൂട്ടത്തോടെ അടയാൻ സാദ്ധ്യത.

1,000 കി​ലോ (ഒരു ടൺ) തോട്ടണ്ടിക്ക് 1050 യു.എസ് ഡോളർ (88,182 രൂപ) എന്ന നിരക്കിലാണ് ഏറ്റവും ഒടുവിൽ കാഷ്യു കോർപ്പറേഷനും കാപെക്സിനുമായി കാഷ്യു ബോർഡ് വാങ്ങിയത്. എന്നാൽ ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിലെ തോട്ടണ്ടി വില 1800 മുതൽ 2000 യു.എസ് ഡോളർ വരെയായി കുതിച്ചുയർന്നു. ഇപ്പോൾ 5000 ടൺ തോട്ടണ്ടിക്ക് കാഷ്യു കോർപ്പറേഷൻ ടെണ്ടർ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഉയർന്ന വിലയ്ക്ക് കരാർ ഉറപ്പിക്കാൻ സാദ്ധ്യതയില്ല. നിലവിൽ കാഷ്യു കോർപ്പറേഷനും കാപെക്സിനും കാര്യമായ നേട്ടമില്ല. കൂടിയ വിലയ്ക്ക് വാങ്ങി സംസ്കരിച്ചാൽ പൊതുമേഖല സ്ഥാപനങ്ങൾ കടുത്ത നഷ്ടത്തിലേക്ക് പോകും. പ്രവർത്തിക്കുന്ന പരിമിതമായ സ്വകാര്യ ഫാക്ടറികളും സമാനമായ അവസ്ഥയിലാണ്.

ഒക്ടോബർ വരെ സംസ്കരിക്കാനുള്ള തോട്ടണ്ടി മാത്രമാണ് കാഷ്യു കോർപ്പറേഷന്റെയും കാപെക്സിന്റെയും പക്കലുള്ളത്. തോട്ടണ്ടി വില ഇടിഞ്ഞില്ലെങ്കിൽ പൊതുമേഖല ഫാക്ടറികൾ അടക്കം മാസങ്ങളോളം അടഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടാകും.

ഏറ്റവും ഒടുവിലെ ഇടപാട്

 ഒരു മെട്രിക് ടണ്ണിന് 1050 യു.എസ് ഡോളർ

 ഇപ്പോൾ 1800-2000 യു.എസ് ഡോളർ

 പൊതുമേഖലയിൽ 15000 തൊഴിലാളികൾ

 സ്വകാര്യ മേഖലയിൽ നിലവിൽ 5000 തൊഴിലാളികൾ

 നേരത്തെ ജില്ലയിൽ 700 സ്വകാര്യ ഫാക്ടറികൾ

 ഇപ്പോൾ പ്രവർത്തിക്കുന്നത് 40-50 എണ്ണം

.........................................

തോട്ടണ്ടി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1800 മുതൽ 2000 യു.എസ് ഡോളർ വരെയാണ് ഇപ്പോഴത്തെ വില. ഈ വിലയ്ക്ക് വാങ്ങി സംസ്കരിച്ചാൽ വലിയ നഷ്ടം സംഭവിക്കും

എ. അലക്സാണ്ടർ (കാഷ്യു ബോർഡ് ചെയർമാൻ)

...............................................

തോട്ടണ്ടിയുടെ വില വർദ്ധിച്ചുവെന്ന് മാത്രമല്ല കിട്ടാനുമില്ലാത്ത അവസ്ഥയാണ്. തോട്ടണ്ടി വൻതോതിൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ സംസ്കരണവും വ്യാപകമായി ആരംഭിച്ചതാണ് പ്രശ്നം. അവിടത്തെ ലോബികൾ കയറ്റുമതി തടസപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നു. ഈ സാഹചര്യത്തിൽ സംസ്കരണ ചെലവ് കുറച്ചാലേ വ്യവസായം മുന്നോട്ടു കൊണ്ടുപോകാനാകൂ. ഇതിന് സ്വകാര്യ മേഖലയിൽ അടക്കം യന്ത്രവത്കരണം നടപ്പാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് നടപ്പാക്കണം

പി. സുന്ദരൻ (കാഷ്യു എക്സപോർട്ടർ)