കൊല്ലം: ഓണ പൂവിപണിയിൽ താരമായ, തമിഴ്‌നാട് സുന്ദരപാണ്ഡ്യപുരത്തെ ബന്തിപ്പൂക്കൾ ഇനി നാട്ടിലും സുലഭം.നാളെ അത്തം പുലരുന്നതോടെ, വിളവെടുപ്പിനും തുടക്കമാവും.

'ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയിലൂടെ സ്വയം പര്യാപ്‌തത നേടാനുള്ള കൃഷി വകുപ്പിന്റെ ശ്രമങ്ങൾക്ക് പിന്നാലെ പൂക്കളിലും സ്വയം പര്യാപ‌്തത എന്ന ആശയത്തോടൊപ്പം പൂക്കൃഷിയെ സ്‌നേഹിക്കുന്നവരുടെ അഭിനിവേശം കൂടിയായപ്പോഴാണ് എവി​ടെയും ബന്തിപ്പുവുകൾ നി​റഞ്ഞത്. അത്തത്തിന് തുടങ്ങി 10 നാൾ കുത്തനെ ഉയരുന്ന പൂവിപണിയെ ലക്ഷ്യമാക്കി, ഇന്ന് മുതൽ പൂക്കളിറുക്കാൻ തുടങ്ങും.

സർക്കാർ ഓഫീസുകളും സ്വകാര്യ കൃഷിയിടങ്ങളും വിവിധ കൂട്ടായ്‌മകളും ചേർന്നുള്ള കൂട്ടുകൃഷിയിടങ്ങളി​ലാണ് ബന്തി​പ്പൂക്കൾ ചി​രി​തൂവി​ നി​ൽക്കുന്നത്.

ബന്തി​ തൈകൾക്ക് ഏറെ പരിചരണം ആവശ്യമാണെന്ന് ഈ രംഗത്ത് ബിസിനസ് സാദ്ധ്യതകൾ തേടുന്നവർ പറയുന്നു. മണ്ണിര കമ്പോസ്‌റ്റും ജൈവ വളങ്ങളും പരീക്ഷിക്കാറുണ്ട്. രാവിലെയും വൈകിട്ടുമുള്ള നനയും സൂര്യപ്രകാശവും അനി​വാര്യം. കാറ്രിൽ തണ്ട് ഒടിയാതെയുള്ള കരുതൽ വേറെയും വേണം. സ്വർണ വർണത്തിന് ചില കൈപ്രയോഗങ്ങളുമുണ്ട്. ഓപ്പൺ മാർക്കറ്റിൽ കച്ചവടക്കാർ കി​ലോയ്ക്ക് 100 രൂപ വരെ ഈടാക്കുമെങ്കിലും കൃഷിക്കാർക്ക് അത്ര മെച്ചമില്ലെന്ന് അഭിപ്രായമുണ്ട്. ഇടനി​ലക്കാരെ ഒഴി​വാക്കാൻ കൃഷിക്കാർ നേരി​ട്ട് പായ്‌ക്കറ്റുകളിലാക്കി, പൂക്കളമിടുന്നവർക്ക് എത്തിക്കുന്നതി​നെപ്പറ്റി​യും ആലോചനയുണ്ട്.