ഓച്ചിറ: പൂത്തുലഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. പച്ചപ്പിന് മേൽ മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി ക്ലാപ്പന മഞ്ഞാടി മുക്കിൽ ഒറിക്സ് ഓഡിറ്റോറിയത്തിന് കിഴക്കുവശത്തെ കൃഷിത്തോട്ടത്തിലെ കാഴ്ചയാണ്. ഓണവിപണി മുന്നിൽകണ്ട് ആരംഭിച്ച ചെണ്ടുമല്ലികൾ വിളവെടുപ്പിന് പാകമായിരിക്കുന്നു. ഓണത്തിന് ഒരു പൂക്കൂട പദ്ധതി പ്രകാരം അഖിലേന്ത്യാകിസാൻസഭ ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂക്കൃഷി ആരംഭിച്ചത്.
പൂന്തോട്ടം കാണാൻ
ഒരേക്കർ വരുന്ന കൃഷി ഭൂമിയിൽ ആഫ്രിക്കൻ, മേരി ഗോൾഡ് ഇനത്തിൽപ്പെട്ട ഓറഞ്ച്, മഞ്ഞ നിറങ്ങളിൽപെട്ട ചെണ്ടുമല്ലികളാണ് കൃഷി ചെയ്തത്. ഓണം വിപണി ലക്ഷ്യമിട്ടെങ്കിലും വളരെ നേരത്തെ തന്നെ ചെടികൾ പൂവിട്ട് ഒന്നാം വിളവെടുപ്പിന് തയ്യാറായി. ഓച്ചിറ, ക്ലാപ്പന, ദേവികുളങ്ങര പഞ്ചായത്തുകളിലെ സ്കൂളിൽ നിന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പൂന്തോട്ടം കാണാനെത്തി. വധൂവരന്മാരും ഫോട്ടോഷൂട്ടിനായി ഇവിടം തിരഞ്ഞെടുക്കുന്നുണ്ട്.
വിളവെടുപ്പ് നാളെ
ചെണ്ടുമല്ലി വിളവെടുപ്പിന്റെ ഉദ്ഘാടനം അഖിലേന്ത്യ കിസാൻ സഭ ഓച്ചിറമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 ന് നിയമസഭ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. കിസാൻ സഭ ജില്ലാ ഭാരവാഹികളായ അഡ്വ. ലിനു ജമാൽ, കെ.ആർ.മോഹനൻ പിള്ള, എസ്. അജയഘോഷ്, ബി.ശ്രീകുമാർ, എസ്.കൃഷ്ണകുമാർ, കടത്തൂർ മൻസൂർ എന്നിവർ പങ്കെടുക്കും. കിസാൻ സഭ മണ്ഡലം ഭാരവാഹികളായ സുരേഷ് താനുവേലി, മുരളീധരൻ നായർ, ഗീതാകുമാരി, തോക്കത്ത് ഖാദർ, പി. സി .സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ക്കൃഷി ആരംഭിച്ചത്.