photo
പുനലൂർ ടി.ബിജംഗ്ഷനിലെ സ്നാനഘട്ടതിൽ കുഴിക്കാൻ ഇറങ്ങി വെളളത്തിൽ മുങ്ങി മരിച്ച യുവാവിൻെറ മൃദേഹം തിരയുന്ന ഫയർഫോഴ്സ്(ഫയൽ ചിത്രം)

പുനലൂർ: നഗരമദ്ധ്യത്തിലൂടെ കടന്ന് പോകുന്ന കല്ലടയാറ്റിനോട് ചേർന്ന് പുനലൂർ ടി.ബി ജംഗ്ഷന് സമീപത്തെ സ്നാനഘട്ടം അപകടക്കെണിയായി മാറി. സ്നാനഘട്ടത്തിലെ കുളിക്കടവിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് കാരണം ആറ്റിൽ കുളിക്കാൻ ഇറങ്ങുന്നവർ വെള്ളത്തിൽ മുങ്ങി മരിക്കുന്ന അവസ്ഥയായി. പുനലൂർ കോമളംകുന്ന് സ്വദേശിയായ യുവാവ് കഴിഞ്ഞയാഴ്ച കുളിക്കാൻ ഇറങ്ങുന്നതിനിടെ വെള്ളത്തിൽ മുങ്ങി മരിച്ചതാണ് അവസാനത്തെ സംഭവം.

അധികൃതരുടെ അനാസ്ഥ

ആറ്റിലെ കുളികടവിൽ ഇരുമ്പ് സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് കാൽ നൂറ്റാണ്ടായി നാട്ടുകാരും താലൂക്ക് വികസന സമിതി യോഗവും ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സ്നാനഘട്ടത്തിൽ മുള ഉപയോഗിച്ച് ഒരു വേലി കെട്ടിയതല്ലാതെ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അപകട മരണങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മണ്ഡല ,മകര വിളക്ക് സീസണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് നൂറു കണക്കിന് അയ്യപ്പഭക്തർ ശബരിമല ദർശനത്തിന് പുനലൂർ ടി.ബി.ജംഗ്ഷനിലെ ഇടത്താവളത്തിൽ എത്തും. തുടർന്ന് കല്ലടയാറ്റിലെ സ്നാനഘട്ടത്തിൽ ഇറങ്ങി കുളിച്ച ശേഷമാകും ശബരിമലയിലേക്ക് പുറപ്പെടുന്നത്. ശബരിമല സീസണിൽ പോലും ഇവിടെ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകാറില്ല.

അപകട സൂചന ഇല്ല

ആഴമേറിയ കുളിക്കടവിൽ പരിചയമില്ലാത്തവർ കുളിക്കാനിറങ്ങിയാൽ അപകടം സംഭവിക്കുമെന്ന് അവർ അറിയുന്നില്ല. എന്നാൽ സ്നാനഘട്ടത്തിന് സമീപം അപകട സൂചന ബോർഡുപോലും സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ മെനക്കെടാറില്ല. നഗരസഭയുടെയും ജില്ല റൂറിസം വകുപ്പിന്റെയും നിയന്ത്രണത്തിലാണ് സ്നാനഘട്ടം സ്ഥിതി ചെയ്യുന്നത്. 15 വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ചാണ് സ്നാനഘട്ടവും സമീപത്ത് വിശ്രമ കേന്ദ്രവും ക്യാന്റീനും പണികഴിപ്പിച്ചത്.