photo
എസ്.എൻ.പുരത്ത് എസ്.ബിജുവിന്റെ ബന്ദിത്തോട്ടം

പുത്തൂർ: പുത്തൂരുകാർക്ക് ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാൻ നാടൻ പൂക്കളുണ്ട്. എസ്.എൻ.പുരം കിഴക്കേ ചവിരാൻകുഴി വീട്ടിൽ എസ്.ബിജുവിന്റെ(54) തോട്ടത്തിലാണ് പൂക്കളുടെ വസന്തം. പവിത്രേശ്വരം പഞ്ചായത്തും കൃഷിഭവനും ചേർന്ന് നൽകിയ 1500 ബന്ദിത്തൈകളാണ് ബിജു നട്ടുപിടിപ്പിച്ചത്. ബന്ദി തന്നെ വെള്ളയും മഞ്ഞയും ഓറഞ്ചുമുണ്ട്. വാടാമുല്ലയും വയലറ്റ്, റോസ്, വെള്ള നിറങ്ങളിൽ വിരിഞ്ഞിട്ടുണ്ട്. വിഷമരുന്ന് തളിച്ചെത്തുന്ന മറുനാടൻ പൂക്കളേക്കാൾ മണവും നിറവുമുണ്ട് ഇവിടുത്തെ പൂക്കൾക്ക്. പാട്ടത്തിനെടുത്ത നാല്പത് സെന്റ് ഭൂമിയിലാണ് ബിജു ഓണക്കാലത്തേക്ക് പൂക്കളൊരുക്കാൻ ജൂലായ് മാസത്തിൽ തൈകൾ നട്ടത്. പ്രതീക്ഷിച്ചതിൽ കൂടുതൽ വിളവ് കിട്ടി. ഒരേക്കർ ഭൂമിയിൽ വെണ്ടയും പയറും കുക്കുമ്പറും ചേനയും കാച്ചിലും റെഡ് ലേഡിയുമൊക്കെയുണ്ട്.