യാത്രക്കാരെ ഭയപ്പെടുത്തി സാമൂഹിക വിരുദ്ധ ശല്യവും

കൊല്ലം: നഗരത്തിലെ ബസ് സ്‌റ്റോപ്പുകളിൽ വെളി​ച്ചമി​ല്ലാത്തതും സാമൂഹിക വിരുദ്ധ ശല്ല്യവും യാത്രക്കാരെ വലയ്ക്കുന്നു. എ.ആർ ക്യാമ്പ് ജംഗ്ഷൻ, ചിന്നക്കടയിൽ നിന്ന് ആശ്രാമത്തേക്ക് പോകുന്ന ഭാഗത്തെ ബസ് സ്‌റ്റോപ്പ്, കോൺവെന്റ് ജംഗ്ഷൻ, താലൂക്ക് കച്ചേരി, ആശ്രാമം മൈതാനത്തിന് മുന്നിലെ ബസ് സ്‌റ്റോപ്പ് , ഹൈസ്‌കൂൾ ജംഗ്ഷൻ, കളക്‌ടറേറ്റി​ന് സമീപത്തെ ബസ് സ്‌റ്റോപ്പ് എന്നിവിടങ്ങളിൽ സന്ധ്യമയങ്ങിയാൽ ഇരുട്ടി​നെ ഭയന്നാണ് യാത്രക്കാർ ബസ് കാത്തുനി​ൽക്കുന്നത്.

തെരുവ് വിളക്കുകളെയും വാഹനങ്ങളുടെ വെളിച്ചത്തെയും ആശ്രയിച്ചാണ് യാത്രക്കാരുടെ നിൽപ്പ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പേടി​ച്ചരണ്ടല്ലാതെ ബസ് കാത്ത് നിൽക്കാനാകാത്ത സ്ഥിതിയാണ്. കോർപ്പറേഷൻ, ബസ് സ്‌റ്റോപ്പ് പരിപാലനം ഏൽപ്പിച്ച സ്വകാര്യ കരാർ കമ്പനികൾ ക്യത്യമായി ഇവ പരിപാലിക്കാത്തതാണ് മിക്ക സ്‌റ്റോപ്പുകളും ഇരുട്ടിലാകാൻ കാരണം.

സാമൂഹിക വിരുദ്ധ ശല്ല്യവും വൃത്തിഹീനമായ അന്തരീക്ഷവും മൂലം പലരും ബസ് സ്‌റ്റോപ്പിൽ കയറാതെ പുറത്തിറങ്ങി നിൽക്കുന്ന സ്ഥിതിയാണ്. എ.ആർ ക്യാമ്പിന് സമീപത്തെ സ്‌റ്റോപ്പുകളിലും കോൺവെന്റ് ജംഗ്ഷനിലെ സ്‌റ്റോപ്പി​ലുമാണ് സാമൂഹിക വിരുദ്ധ ശല്ല്യം രൂക്ഷം. വിദ്യാർത്ഥികളും പ്രായമായവരുമാണ് ബസ് സ്‌റ്റോപ്പുകളുടെ വൃത്തിഹീനമായ സ്ഥിതിമൂലം ബുദ്ധിമുട്ടുന്നത്. എത്രയും വേഗം സ്‌റ്റോപ്പുകളിൽ വെളിച്ചമെത്തിക്കുകയും സാമൂഹികവിരുദ്ധ ശല്ല്യം ഒഴിവാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മദ്യപരുടെ കേന്ദ്രം

നഗരത്തിൽ അലഞ്ഞ് തിരിഞ്ഞും മദ്യപിച്ചും നടക്കുന്നവർ വിശ്രമിക്കാനെത്തുന്നത് നഗരത്തിലെ ബസ് സ്‌റ്റോപ്പുകളിലാണ്. ഇത്തരക്കാർ ഇവി​ടങ്ങളി​ൽ ബസ് കാത്ത് നിൽക്കുന്ന സ്ത്രീകളെ ശല്ല്യം ചെയ്യുന്നതും അസഭ്യ വർഷം നടത്തുന്നതും പതിവ് കാഴ്ചയാണ്. സ്‌റ്റോപ്പിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും സാമൂഹിക വിരുദ്ധ സംഘം നശിപ്പിക്കുകയും വൃത്തിഹീനമാക്കുകയും ചെയ്യാറുണ്ട്.

ബസ് സ്‌റ്റോപ്പിൽ സാമൂഹിക വിരുദ്ധ ശല്ല്യം രൂക്ഷമാണ്. മദ്യപിച്ച് അബോധാവസ്ഥയിലുള്ളവർ ഇവിടെ ഉള്ളതിനാൽ ഉള്ളിലേക്ക് പലപ്പോഴും കയറാനാകില്ല. ഇരുട്ടിൽ ബസ് കാത്ത് നിൽക്കാൻ പേടിയാണ്


രഞ്ജിനി, വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരി