കഴിഞ്ഞ വർഷത്തെ അത്ര വിലയില്ല
കൊല്ലം: പൊന്നോണം വെറും പത്തു നാൾ മാത്രം അകലെ നിൽക്കവേ, വിപണിയിൽ ഓണപ്പൂക്കളുടെ സുഗന്ധം. ജമന്തി, റോസ, വാടാമുല്ല, മുല്ല, പിച്ചി, അരളി, താമര പൂക്കളാണ് എവിടെയും. വിവിധ നിറത്തിലുള്ള ഹൈബ്രിഡ് ക്രിസാന്തമവും ജെറിബ്രായുമാണ് ഓണം കളറാക്കാനായി എത്തിയിരിക്കുന്നത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ജമന്തികൾക്കാണ് ഡിമാൻഡ് കൂടുതൽ. ബംഗളൂരു, ഹൊസൂർ, ഡിണ്ടിഗൽ, തോവാള, മധുര, തെങ്കാശി, കോയമ്പത്തൂർ, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിൽ പൂക്കളെത്തുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിലയിൽ വലിയ ഇടിവുണ്ടായെന്ന് കച്ചവടക്കാർ പറയുന്നു. കിലോയ്ക്ക് 50 മുതൽ 180 വരെയാണ് ഈ ഓണക്കാലത്ത് വിവിധ പൂവുകളുടെ വില. പക്ഷേ, ഇക്കുറി ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ക്ലബുകളും മറ്റും ആഘോഷ പരിപാടികൾ വെട്ടിക്കുറച്ചതും പൂ വിപണിക്ക് വലിയ തിരിച്ചടിയായി. പൂക്കള മത്സരങ്ങൾ പലരും ഒഴിവാക്കി. ദിവസം 10,000 രൂപയുടെ വരെ കച്ചവടമുണ്ടായിരുന്ന കടകളിൽ ഇത്തവണ പകുതി പോലും നടക്കുന്നില്ല. നിലവിൽ വില കുറവാണെങ്കിലും ഓരോ ദിവസവും മാറ്റമുണ്ടാകാം. തിരുവോണം അടുക്കുന്നതോടെ കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
കാണാനില്ല നാടൻ പൂക്കൾ
തൊടിയിലും മറ്റും സർവസാധാരണമായി കണ്ടിരുന്ന തുമ്പ, മുക്കൂറ്റി, കോളാമ്പി, തെച്ചി തുടങ്ങി നാടൻ പൂക്കൾ വളരെ അപൂർവമായി മാത്രമേ കാണുന്നുള്ളൂ. ഇടവിട്ടുണ്ടായ മഴയിൽ വെള്ളം പൊങ്ങിയതോടെയാണ് ഇവയിൽ പലതും അപ്രത്യക്ഷമായത്.
നിലവിലെ വില (കിലോ)
മഞ്ഞ ജമന്തി: 60
ഓറഞ്ച് ജമന്തി: 80
വാടാമുല്ല: 160
അരളി:180
കടും ചുവപ്പ് അരളി: 350
വെള്ള അരളി: 350
ട്യൂബ് റോസ്: 400
ചുവന്ന റോസ്: 300
താമര- 18, 21 ഇതളുള്ള ഒന്നിന്: 10
താമര (101 ഇതൾ): 30
മുല്ല: 800
പിച്ചി: 800
കഴിഞ്ഞവർഷം അത്തത്തിന്റെ തലേന്ന് ഉണ്ടായ തിരക്ക് ഇത്തവണ ഇല്ല. മുതൽ മുടക്ക് പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്
പ്രദീപ് , പ്രദീപ് ഫ്ലവർ മർച്ചന്റ്