കൊല്ലം: രാജ്യത്തെ 40 കോടിയിലേറെ വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പ് 'ഭായി ലോഗ്' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ
പൂർവ്വവിദ്യാർത്ഥികളായ ആസിഫ് അയൂബ്, ആഷിഖ് ആസാദ്, ഗോകുൽ മോഹൻ എന്നിവർ ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ 2023 ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ ഭായ് ലോഗ് ആണ് ആപ്പിന്റെ ശില്പികൾ.
ഭായ് ലോഗ് ആപ്പ് വഴി അന്യസംസ്ഥാന തൊഴിലാളികൾക്ക് തങ്ങളുടെ നൈപുണ്യത്തിനനുസരിച്ച് ഇഷ്ടമുള്ള ജോലികൾ അനായാസം തിരഞ്ഞെടുക്കാം. തൊഴിലുടമകൾക്കും ആവശ്യാനുസരണം തൊഴിലാളികളെ തിരഞ്ഞെടുക്കാം. ഗൂഗിൾ പ്ലേ-സ്റ്റോറിൽ നിന്നു ഭായ് ലോഗ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
ആപ്പ് ഉപയോഗിക്കുന്നതിന് മുൻപ് തൊഴിലാളികൾ അവരുടെ കൃത്യവും, ആധികാരികവുമായ വിവരങ്ങൾ നൽകണം. തുടർന്ന് ഇടനിലക്കാരില്ലാതെ തന്നെ തൊഴിലാളികൾക്ക് ജോലി ലഭിക്കും. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. എസ്.കാർത്തികേയൻ, സ്റ്റാർട്ട് അപ്പ് മിഷൻ മേധാവി അനൂപ് അംബിക,ആപ്പിന്റെ ശില്പികളായ ആസിഫ് അയൂബ്, ആഷിഖ് ആസാദ്, ഗോകുൽ മോഹൻ എന്നിവർ പങ്കെടുത്തു.