kgoa-
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്

കൊല്ലം: കേന്ദ്ര സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിയായ യൂണിഫൈഡ് പെൻഷൻ സ്‌കീം പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പാണെന്നും ജീവനക്കാർ വിഹിതം നൽകേണ്ടാത്ത പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മുഴുവൻ ജീവനക്കാർക്കും നിർവചിത പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി. എം.എൻ. ശരത് ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ. മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ബി. സജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. അജി, കെ. സീന, എസ് . മണിലാൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.ആർ. രാജേഷ് സ്വാഗതവും ജോ. സെക്രട്ടറി വിമൽ ചന്ദ്രൻ നന്ദിയും പറഞ്ഞു.