കൊല്ലം: സർക്കാരിന്റെയും കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കടപ്പാക്കട സ്പോർട്‌സ് ക്ലബ്ബിൽ ആരംഭിച്ച കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ആദ്യ വില്പന കളക്ടർ എൻ. ദേവീദാസ് നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി സഹകരണ സംഘങ്ങളുടെയും ഹാൻടെക്സ്, ഹാൻവീവ് എന്നിവയുടെയും സ്റ്റാളുകൾ ഉൾപ്പെടെ 12 സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. 14 വരെയാണ് മേള. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് വി. സത്യബാബു, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ തോമസ് ജോൺ, എസ്. കിരൺ തുടങ്ങിയവർ സംസാരിച്ചു.