കൊല്ലം: ഡുചെൻ മസ്‌കുലാർ ഡിസ്‌ട്രോഫി രോഗികൾക്ക് (ഡി.എം.ഡി) ചികിത്സയ്ക്കായി കേന്ദ്ര പദ്ധതി പ്രകാരം 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇവരുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു.
എം.പിയുടെ ആവശ്യത്തെ തുടർന്ന് കേന്ദ്ര ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് സെക്രട്ടറി അപൂർവ്വ ചന്ദ്ര ഐ.എ.എസ് രേഖാമൂലം നൽകിയ മറുപടിയിലാണ് വിവരം അറിയിച്ചത്. അപൂർവ്വരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ചികിത്സയ്ക്കായി 50 ലക്ഷം രൂപവരെ ധനസഹായം നൽകാൻ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. അർഹരായ രോഗികൾക്ക് ധനസഹായം ലഭ്യമാകും. കേരളത്തിൽ തിരഞ്ഞെടുത്തിട്ടുളള മികവിന്റെ കേന്ദ്രം തിരുവനന്തപുരം ശ്രീഅവിട്ടം തിരുനുൾ ഗവ. മെഡിക്കൽ കോളേജ് അശുപത്രിയാണ്. ശിശുരോഗചികിത്സാ വിഭാഗത്തിലെ പ്രൊഫസർ ഡോ: ആർ ശങ്കറാണ് ചുമതലയുളള ഉദ്യോഗസ്ഥൻ. അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കായി ധനസഹായത്തിന് തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയിലെ നോഡൽ ഓഫീസറെ സമീപിക്കാമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു.