സ്വകാര്യ ഏജൻസിയെ നിയോഗിച്ചു
കൊല്ലം: പോളയത്തോട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ, സ്വകാര്യ ഏജൻസിയായ ടെക്ഫാം ഇന്ത്യയുമായി ചേർന്ന് മെക്കനൈസ്ഡ് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ പോളയത്തോട് ശ്മശാനത്തിന് സമീപത്തെ തുമ്പൂർമുഴി മോഡൽ എയ്റോബിക് യൂണിറ്റിന് അടുത്തായിട്ടാണ് മെക്കനൈസ്ഡ് എയറോബിക് യൂണിറ്റ് പ്ലാന്റ് സ്ഥാപിക്കുക. രണ്ട് കണ്ടയ്നറുകളും കംപ്രസറും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെട്ടതാണ് പ്ലാന്റ്. തുമ്പൂർ മോഡൽ എയ്റോബിക് യൂണിറ്റ് പഴയതുപോലെ നിലനിറുത്തിയാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം രണ്ട് ടൺ ജൈവമാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.
മാലിന്യം നിക്ഷേപിക്കാനായി വാതിലുകൾ ഉണ്ടായിരിക്കും. കണ്ടയ്നറിനുള്ളിൽ ഇടുന്ന മാലിന്യത്തിൽ നിന്ന് യന്ത്രങ്ങളുടെ പ്രവർത്തനത്തിലൂടെ വെള്ളവും ചണ്ടിയും വേർതിരിക്കും. വെള്ളം ശുദ്ധീകരിച്ച് ചെടിക്കും മറ്റുമായി ഉപയോഗിക്കും. ചണ്ടി നിലവിലെ എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റിലെ ബിന്നുകളിൽ നിക്ഷേപിച്ച് ജൈവ വളമാക്കി മാറ്റും. പദ്ധതി കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
യൂസർഫീ 5 രൂപ
വീടുകൾ, ആശുപത്രികൾ, ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നെല്ലാം ജൈവമാലിന്യങ്ങൾ ശേഖരിക്കും. പ്ലാന്റിലേക്കുള്ള മാലിന്യ ശേഖരണത്തിനായി രണ്ട് ഓട്ടോകൾ സജ്ജമാക്കും. എല്ലാദിവസവും 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കും. ഇതിനായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കും. കൂടാതെ നിരീക്ഷണ ക്യാമറയും ഇവിടെ ഉണ്ടാകും. പ്ലാന്റിന്റെ പ്രവർത്തന ചിലവിനായി ജൈവമാലിന്യത്തിന് കിലോഗ്രാമിന് 5 രൂപ നിരക്കിൽ യൂസർഫീ ഈടാക്കും. പ്ലാന്റിന്റെ പൈലറ്റ് വർക്ക് 10 ന് ആരംഭിക്കും .ഇതിനുമുന്നോടിയായി എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റ് നിൽക്കുന്ന ഭാഗത്ത് ഷീറ്റുകൊണ്ട് മറച്ച് മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും കോർപ്പറേഷൻ അധികൃതർ സ്ഥാപിച്ചു. നിലവിൽ പ്രവർത്തന രഹിതമായി കിടക്കുന്ന എയ്ബിക് കമ്പോസ്റ്റ് പ്ലാന്റിന്റെ നവീകരണപ്രവർത്തനങ്ങളും സമാന്തരമായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.