കുളത്തൂപ്പുഴ : കുളത്തൂപ്പുഴ റേഞ്ച് പരിധിയിൽ ഉൾപ്പെട്ട രണ്ട് വീടുകളിൽ നിന്ന് വർഷങ്ങൾ പഴക്കമുള്ള ചന്ദന മരങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. വിതുര കല്ലാർകോളനി വിജയ ഭവനിൽ വിജയൻ ( ശിങ്കിടി വിജയൻ , 45) , ഒറ്റശേഖര മംഗലത്തിൽ ബദേൽ ഭവനിൽ അജിതാ ഭായി (51) എന്നിവരെയാണ് കുളത്തുപ്പൂഴ റേഞ്ച് ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംഘത്തിലെ കല്ലാർ കോളനിയിൽ രതീഷ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. വിജയനും ഒളിവിൽ കഴിയുന്ന രതീഷും ചേർന്നാണ് ചന്ദനമരം മുറിച്ചത്. അജിതാ ഭായിയ്ക്കാണ് മരങ്ങൾ വിറ്റത്. മുപ്പതോളം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചോഴിയക്കോട് അരുൺ സദനത്തിൽ ചന്ദ്രിക, ചോഴിയക്കോട് അരിപ്പ പ്രസന്ന വിലാസത്തിൽ പ്രിയദർശിനി എന്നിവരുടെ വസ്തുവിൽ നിന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ 3ന് രാത്രി മോഷ്ടാക്കൾ മുറിച്ചു കടത്തിയത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് കുളത്തൂപ്പുഴ റേഞ്ച് ഓഫീസിലും കുളത്തൂപ്പുഴ പൊലീസിലും വിവരം അറിയിച്ചിരുന്നു. ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതിന്റെ പേരിൽ പ്രതികൾക്കെതിരെ മുൻപും കേസുണ്ട്. പുനലൂർ ഡി.എഫ്.ഒ എസ്. ജയശങ്കറിന്റെ നിർദേശം പ്രകാരം അഞ്ചൽ ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രൻ, അഞ്ചൽ ,ഏഴംകുളം സ്റ്റേഷൻ പി.ആർ.ഒ അരവിന്ദ്, എസ്.എഫ്. നൗഷാദ്, ഡിവൈ.എഫ്.ഒ അനിൽ കുമാർ,ബി.എഫ്.ഒ മാരായ ജെ.എസ്. രമ്യ, ജിഷ.ജി.നായർ, അനു, ആർ.എഫ്.ഡബ്യു സന്തോഷ്, എഫ്.ഡബ്യു അനിൽകുമാർ, ആർ.എഫ്.ഡബ്യു അനു ഭാസ്‌കർ, വൈശാഖ്, സാബുനാഥൻ എന്നിവരും ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം, ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് , പാലോട് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.