തീർപ്പായാൽ സെന്റിന് വില അഞ്ചു ലക്ഷം വരെ
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനത്തിനുള്ള സ്ഥലം വാങ്ങൽ, വില താഴ്ത്തി അട്ടിമറിക്കാനുള്ള നീക്കം മറികടക്കാൻ തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുക്കൽ പാക്കേജിലുള്ള ഭൂമിവില പരിഗണിക്കാൻ ആലോചന. മുണ്ടയ്ക്കൽ വില്ലേജിൽ തീരദേശ ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് പ്രാഥികമായി കണക്കാക്കിയിരിക്കുന്ന ശരാശരി വില സെന്റിന് രണ്ടരലക്ഷത്തിന് മുകളിലാണ്. സ്ഥലമേറ്റെടുക്കൽ പാക്കേജ് പ്രകാരം ഭൂമി വിട്ടുനൽകുന്നവർക്ക് ഭൂമി വിലയുടെ ഇരട്ടി ലഭിക്കും. അതിനാൽ മുണ്ടയ്ക്കലിൽ തീരദേശ ഹൈവേയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് സെന്ററിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടപരിഹാരം ലഭിക്കും. ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനത്തിനുള്ള സ്ഥലമേറ്റെടുക്കൽ തർക്കം ഇപ്രകാരം പരിഹരിക്കപ്പെട്ടാൽ, സ്ഥലം വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ച ഭൂവുടമയ്ക്കും ഇതേ വില ലഭിക്കും.
മുണ്ടയ്ക്കലിൽ, നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമിയാണ് ആസ്ഥാന മന്ദര നിർമ്മാണത്തിന് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനു സമീപത്ത് കൂടിയാണ് തീരദേശ ഹൈവേ കടന്നു പോകുന്നത്. ഓട് ഫാക്ടറി ഭൂമിക്ക് വില്ലേജ് ഓഫീസർ സെന്റിന് 2.25 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മുണ്ടയ്ക്കൽ വില്ലേജിലെ സമവും സമാനവുമായ പ്രമാണങ്ങൾ മാത്രം പരിശോധിച്ചാണ് വില്ലേജ് ഓഫീസർ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ചൂണ്ടിക്കാട്ടിയ ഭൂമിയുടെ വില നിർണയിച്ചത്. ഇത് ഭൂവുടമയ്ക്ക് സ്വീകാര്യമല്ല. എന്നാൽ കിഫ്ബി സ്ഥലമേറ്റെടുക്കൽ വിഭാഗം മറ്റ് വില്ലേജുകളിലെ സമാനമായ ഭൂമിയിടപാടുകൾ കൂടി പരിശോധിച്ചാണ് വില നിർണയിക്കുന്നത്. സ്ഥലത്ത് നിന്ന് നേരിട്ട് റോഡിലേക്ക് കാര്യമായ പ്രവേശന വഴികളില്ലെന്നതും മുന്നിലുള്ളത് റോഡ് പുറമ്പോക്കാണെന്നതും വില താഴ്ത്താനുള്ള ന്യായമായി വില്ലേജ് ഓഫീസറുടെയും തഹസിൽദാരുടെയും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ തീരദേശ ഹൈവേയ്ക്കായുള്ള വിലനിർണയത്തിൽ മുന്നിലുള്ള റോഡ് പുറമ്പോക്ക്, വില ഇടിക്കാനുള്ള മാനദണ്ഡമാക്കിയിട്ടില്ല.
റിപ്പോർട്ട് തേടിയേക്കും
മുണ്ടയ്ക്കൽ പ്രദേശത്ത് തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുക്കലിനായി പരിഗണിച്ച പ്രമാണങ്ങളുടെ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട്, കിഫ്ബി സ്ഥലമേറ്റെടുക്കൽ തഹസിൽദാരോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടേക്കും. ഈ വിലകൾ കൂടി പരിഗണിച്ച് ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിർണയ റിപ്പോർട്ട് തയ്യാറാക്കാനും നിർദ്ദേശിക്കാൻ സാദ്ധ്യത. സ്ഥലമേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിച്ച് കളക്ടർക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.
........................................................................
വില്ലേജ് ഓഫീസർ നിശ്ചയിച്ചത് സെന്റിന് 2.25 ലക്ഷം
ഈ വിലയ്ക്ക് സ്ഥലം നൽകില്ലെന്ന് ഭൂവുടമ
തീരദേശ ഹൈവേയ്ക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പ്രാഥമിക വില: സെന്റിന് 2.60 ലക്ഷം
മറ്റ് വില്ലേജുകളിലെ സമാന പ്രമാണങ്ങളും പരിശോധിച്ചു
നഷ്ടപരിഹാര പാക്കേജ് പ്രകാരം സെന്റിന് വില 5 ലക്ഷത്തിന് മുകളിൽ
നടപടികൾ വേഗത്തിലാക്കാൻ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കത്ത്