കൊല്ലം: ഓണം അടുത്തെത്തിയതോടെ, അല്പം പോലും ചായം ഉപയോഗിക്കാതെ പുലിയാകാനുള്ള വേഷങ്ങൾ വിപണി കീഴടക്കുന്നു. മാവേലിയായി അണിഞ്ഞൊരുങ്ങാൻ ആവശ്യമായതെല്ലാം വ്യാപാരസ്ഥാപനങ്ങളിൽ തയ്യാറായി. പലവലിപ്പത്തിലായി ഓറഞ്ച്, മഞ്ഞനിറത്തിലാണ് പുലികളി വേഷങ്ങൾ. പുള്ളിപ്പുലിയും വരയൻ പുലിയുമൊക്കെ കടകളിലുണ്ട്.
പലതരത്തിലുള്ള മുഖംമൂടികളും വേട്ടക്കാരന്റെ തോക്കും ചെണ്ടയും മാവേലിയുടെ വേഷവിധാനങ്ങളും കിരീടവും വിപണിയിൽ സുലഭം. നിലവിൽ കച്ചവടം വിചാരിച്ചതുപോലെ നടക്കുന്നില്ലെങ്കിലും സ്കൂളുകളും കോളേജുകളും ക്ലബുകളും മറ്റും ഓണാഘോഷങ്ങൾ തുടങ്ങുന്നതോടെ ഡിമാൻഡ് കൂടും. 300 മുതലാണ് പുലിക്കളി വേഷത്തിന്റെ വില. ഒരു വസ്ത്രം വാങ്ങിയാൽ പൂർണമായും പുലിയായി മാറാനാവും. എന്നതാണ് ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. കുട്ടികളാണ് ആവശ്യക്കാരിലധികവും.
പൂക്കൂടയുണ്ട്, ഓലക്കുടയും
മാവേലി മന്നന്റെ ഓലക്കുടയും പൂവ് നിറയ്ക്കാനുള്ള പൂക്കൂടകളുമാണ് ഓണവിപണിയിലെ മറ്റൊരാകർഷണം. വേട്ടക്കാരന്റെ തോക്കിനും ആവശ്യക്കാർ ഏറെയാണ്. പലനിറത്തിലുള്ള പന്തുകളും പൊട്ടാസ് തോക്കുകളും കടകളിൽ നിരന്നു. മാവേലിയുടെ വേഷത്തിന് പുറമെ കിരീടവും കിരീടം ഉണ്ടാക്കാനുള്ള സാമഗ്രികളും ആടയാഭരണങ്ങളും എല്ലാം പരിപാടികൾ അനുസരിച്ച് ആളുകൾ വാങ്ങാൻ തുടങ്ങി. ചെറിയ ഓലക്കുട മുതൽ വലിയവ വരെ വിപണിയിൽ ലഭ്യമാണ്. 300 മുതലാണ് ഓലക്കുടകളുടെ വില. അലങ്കാരവസ്തുക്കൾക്കും പ്ലാസ്റ്റിക് പൂക്കൾക്കും ആവശ്യക്കാർ എത്തുന്നുണ്ട്.
സാധനങ്ങളുടെ വില (തുടങ്ങുന്നത്)
പുലികളി വേഷം: 300
ഓലക്കുട: 300
പൂക്കൂട: 115
മാവേലി വേഷം: 500
മുഖംമൂടി: 30
ചെണ്ട: 80
ചെറിയ തോക്ക്: 40
വലിയതോക്ക്: 200
കച്ചവടം തുടങ്ങിയിട്ടേയുള്ളൂ. കഴിഞ്ഞ വർഷത്തെയത്ര തിരക്ക് അനുഭവപ്പെട്ടിട്ടില്ല. തിരുവോണം അടുക്കുമ്പോഴേക്കും കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷ
സുരേഷ് , വ്യാപാരി