കാൽ ലക്ഷം ചതുരശ്ര അടി​യി​ൽ കേന്ദ്രം സ്ഥാപി​ക്കും

കൊല്ലം: ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം വഴിവക്കുകളിൽ കെട്ടിക്കിടക്കുന്നത് തടയാൻ, കുരീപ്പുഴ ചണ്ടി ഡിപ്പോ ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ കൂറ്റൻ ആർ.ആർ.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) സ്ഥാപിക്കാൻ കോർപ്പറേഷന്റെ പദ്ധതി. പ്രതിദിനം 20 ടൺ പ്ലാസ്റ്റിക് മാലിന്യം സംസ്കരണ യോഗ്യമാക്കുന്ന കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞത് കാൽ ലക്ഷം ചതുരശ്ര അടിയിലാവും സ്ഥാപിക്കുക.

നഗരത്തിലെ ഹരിതകർമ്മസേന ദിവസം ശരാശരി ശേഖരിക്കുന്ന 17 ടൺ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന്, പ്രതിദിനം രണ്ട് ടൺ മാത്രം സംഭരിച്ച് വേർതിരിച്ച് സംസ്കരണ യോഗ്യമാക്കാനുള്ള സംവിധാനമേ നിലവിലുള്ളു. അതിനാൽ ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം റോഡ് വക്കുകളിലും പൊതുസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്നത് പതിവാണ്. കോർപ്പറേഷൻ സ്വന്തം നിലയിൽ ആർ.ആർ.എഫ് ഒരുക്കിയാലും ലാഭകരമാകില്ല. അതിനാലാണ് സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്നത്.

പദ്ധതി ഏറ്റെടുക്കുന്ന സ്വകാര്യ സംരംഭകർക്ക് കുരീപ്പുഴയിലെ 25,000 ചതുരശ്രയടി വിസ്തീർണമുള്ള ഷെഡ് ആർ.ആർ.എഫ് സ്ഥാപിക്കാനായി വിട്ടുനൽകും. ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇവിടെ എത്തിക്കും. കരാർ കമ്പനി മാലിന്യം വേർതിരിച്ച് സംസ്കരണ യോഗ്യമാക്കണം. അത് വിറ്റുകിട്ടുന്ന പണം കമ്പനിക്കാണ്. പുനരുപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യവും കരാർ ഏജൻസി സ്വന്തം നിലയിൽ സംസ്കരിക്കണം.

 നഗരം പ്രതിദിനം പുറന്തള്ളുന്നത്: 35 ടൺ പ്ലാസ്റ്റിക്

 ഹരിതകർമ്മ ശേഖരിക്കുന്നത്: 15-20 ടൺ

 കോർപ്പറേഷനിൽ ആകെ 1,16,000 വീടുകൾ

 30,000 സ്ഥാപനങ്ങൾ

 ഹരിതകർമ്മസേന ആർ.ആർ.എഫിൽ പ്ലാസ്റ്റിക് എത്തിക്കും

 കോർപ്പറേഷന് നയാപൈസ ചെലവില്ല

 കുരീപ്പുഴയിലെ ഷെഡ് നൽകുന്നത് നിശ്ചിത കാലത്തേക്ക്

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് വലിയ അളവിൽ പരിഹാരമാകും

കോർപ്പറേഷൻ അധികൃതർ