biju
ബിജു

കൊല്ലം: വൈദ്യുതി തടസപ്പെടുത്തി ജനങ്ങളെയും കെ.എസ്.ഇ.ബി യെയും ദുരിതത്തിലാക്കിയ ആൾ പൊലീസിന്റെ പിടിയിലായി. ശക്തികുളങ്ങര അരവിള എൽസി ഭവനത്തിൽ ബിജുവാണ് (48) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25 ന് രാത്രിയിലാണ് സംഭവം. കെ.എസ്.ഇ.ബിയുടെ ശക്തികുളങ്ങര ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അരവിള
ഭാഗത്തെ 11 കെ.വി ഫീഡറുകൾ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന സ്വിച്ച് ഇയാൾ അനധികൃതമായി പ്രവർത്തിപ്പിച്ച് ഈ ഭാഗത്തുള്ള വൈദ്യുതി തടസപ്പെടുത്തിയിരുന്നു. കൂടാതെ അരവിളയിലുള്ള ട്രാൻസ്‌ഫോമറിലെ ഫ്യൂസുകൾ ഊരിയെടുത്തു നശിപ്പിക്കുകയും ചെയ്തു. ഒരു മണിക്കൂറോളമുണ്ടായ വൈദ്യുതി തടസം മൂലം കെ.എസ്.ഇ.ബിക്ക് രണ്ട് ലക്ഷം രൂപയോളം നഷ്ടമുണ്ടായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബിജുവാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ രതീഷ്, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ പ്രവീൺ, ശ്രീകാന്ത്, അജിത് ചന്ദ്രൻ, കിഷോർമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.