കൊല്ലം: തട്ടാമലയിൽ നിന്നു കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ ഇന്നലെ രാത്രി ഒൻപതരയോടെ അഞ്ചാലുംമൂട് നിന്ന് കണ്ടെത്തി. തട്ടാമല ഇരവിപുരം, ഉമയനല്ലൂർ സ്വദേശികളും സഹപാഠി​കളുമായ മൂന്ന് എട്ടാംക്ളാസ് വിദ്യാർത്ഥികളെയാണ് ഏഴ് മണിക്കൂറോളം കാണാതായത്.

തങ്ങൾ മൂന്ന് പേരും കൂടി പോകുന്നുവെന്നും എന്നെങ്കിലും തിരിച്ചുവരുമെന്നുമുള്ള കത്ത് തട്ടാമല സ്വദേശിയുടെ വീട്ടിൽ നിന്ന് ഉച്ചയ്ക്ക് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ ഉച്ചയ്ക്ക് 11.5 ഓടെ ട്യൂഷൻ കഴിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മൂന്നാമത്തെയാളായ തട്ടാമല സ്വദേശിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. തട്ടാമല സ്വദേശിയുടെ പിതാവിനോട് മകൻ മറ്റൊരാളുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിപ്പോകുന്നത് കണ്ടെതായി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിതാവ് മകനെ വഴക്കുപറഞ്ഞിരുന്നു. അതിന് പിന്നാലെ 2.30 ഓടെ മൂവരെയും കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ തിണ്ണയിൽ നിന്നു കത്ത് കണ്ടെത്തിയത്.

മൂന്ന് പേരും തട്ടാമല ഭാഗത്ത് കൂടി നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിിരുന്നു. മൂന്ന് പേരുടെയും ചിത്രങ്ങൾ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.