കൊല്ലം: ആയൂർ പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, കേസ് അന്വേഷിച്ച കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് തുടരന്വേഷണത്തിന് ഹർജി നൽകി. തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയെന്ന പ്രചാരണത്തിൽ വ്യക്തത വരുത്താനാണ് തുടരന്വേഷണം.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ മകൻ ഒരു ചാനലിനോട് പറഞ്ഞത് പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് പിതാവ് വെളിപ്പെടുത്തിയെന്നാണ് പ്രചാരണം. ഇതേപറ്റി അന്വേഷിച്ചപ്പോൾ താൻ പറഞ്ഞത് വളച്ചൊടിച്ചെന്നായിരുന്നു പിതാവിന്റെ മറുപടി. പ്രചാരണം വിചാരണയിൽ പ്രോസിക്യൂഷന് തിരിച്ചടി ആകാതിരിക്കാനാണ് കേസ് പരിഗണിക്കുന്ന കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ തുടരന്വേഷണത്തിന് അനുമതി തേടിയത്. ഹർജി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ നവംബർ 27ന് വൈകിട്ട് 4.30നാണ് സഹോദരനൊപ്പം ട്യൂഷന് പോയ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഒരാഴ്ചയ്ക്ക് ശേഷം പ്രതികളെ തമിഴ്നാട്ടിൽ പിടികൂടി. വൻ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തൽ.
ആദ്യ വിവരം നാല് പേരെന്ന്
സംഘത്തിൽ നാലുപേരുണ്ടെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടിയുടെ സഹോദരൻ ആദ്യം പറഞ്ഞത്. ബാലികയുടെ മൊഴി സംഘത്തിൽ മൂന്ന് പേരെന്നായിരുന്നു. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്ന് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. പത്മകുമാറും ഭാര്യ അനിതയും റിമാൻഡിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന മകൾ അനുപമയ്ക്ക് പഠനത്തിനായി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.