പടിഞ്ഞാറെകല്ലട : ഓണം പടിവാതിൽക്കൽ എത്തിയതോടെ വിപണി കീഴടക്കി വ്യാജവും മായം കലർന്നതുമായ ഉത്പന്നങ്ങൾ. മായം കലർന്ന പാലും വെളിച്ചെണ്ണയും മറ്റു ഭക്ഷ്യവസ്തുക്കളുംപാക്കറ്റുകളിലാക്കി വ്യാപകമായി അതിർത്തി കടന്നു വരുന്നതായി പരാതിയുണ്ട്.

തമിഴ്നാട്ടിൽ നിന്ന് നിർമ്മാതാക്കളുടെ പേരോ,ലൈസൻസ് നമ്പരോ ,കാലാവധിയോ രേഖപ്പെടുത്താത്ത ആഹാരസാധനങ്ങളും മസാലപ്പൊടികളും ധാന്യപ്പൊടികളും വിപണിയിൽ സജീവമാണ്. കുടുംബശ്രീ എന്ന പേരിൽ നാടൻ ഉത്പന്നങ്ങൾ എന്ന വ്യാജേനയാണ് മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ കച്ചവട സ്ഥാപനങ്ങളിൽ എത്തിക്കുന്നത്. ഇവയെല്ലാം തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗ്ഗവും മറ്റു വാഹനങ്ങളിലും മൊത്തമായികൊണ്ടുവന്ന് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം അവിടെവച്ച് പാക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലുമാണ് ഇവ കൂടുതലായി എത്തിക്കുന്നത്.

കർശന നടപടി വേണം

അധികൃതരുടെ പരിശോധന ഗ്രാമങ്ങളിലേക്ക് കാര്യമായി എത്താത്തതാണ് വ്യാജന്മാ‌ർക്ക് ഗുണകരമാകുന്നത്. ബ്രാൻഡഡ് ഉത്പ്പന്നങ്ങളേക്കാൾ വൻ വിലക്കുറവിൽ ലഭിക്കുന്നതിനാൽ സാധാരണക്കാർ ഇത്തരം വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. കാലാവധി കഴിഞ്ഞ പല ഉത്പ്പന്നങ്ങളും പുതിയ പായ്ക്കുകളിൽ നിറച്ച് വില്പന നടത്തുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെയും ആയുസിനെയും ബാധിക്കുന്ന ഇത്തരം വ്യാജ ഉത്പ്പന്നങ്ങളുടെ വിൽപ്പനക്കെതിരെ ഭക്ഷ്യ സുരക്ഷ വിഭാഗവും ആരോഗ്യവകുപ്പും കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ 11 സർക്കിളുകളിലും ഓണക്കാലത്ത് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചു. കൂടാതെ അതിർത്തി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാൽ പരിശോധിക്കുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ ലാബ് ഓണക്കാലത്തോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്.

ടി .എസ് .വിനോദ് കുമാർ

അസി.ഫുഡ് സേഫ്റ്റി കമ്മീഷണർ,കൊല്ലം