2.29 ഏക്കർ ഭൂമി അനുവദിച്ചു
കൊട്ടാരക്കര: ഗവ.ഐ.ടി.ഐയ്ക്ക് വെളിയം പടിഞ്ഞാറ്റിൻകരയിൽ സ്വന്തം കെട്ടിടമുയരും. 2.29 ഏക്കർ റവന്യൂ ഭൂമിയാണ് ഇതിനായി അനുവദിച്ചത്. ഐ.ടി.ഐയ്ക്ക് കാമ്പസ് ഒരുക്കാനായി അനുവദിച്ച ഭൂമി വ്യവസായ പരിശീലന വകുപ്പിന് കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവായി. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായിട്ടാണ് ഭൂമി അനുവദിച്ചത്. തുടർന്ന് കെട്ടിട നിർമ്മാണത്തിന് തുക അനുവദിക്കും.
പരിമിതികൾ മാറും
2017 നവംബറിലാണ് വെളിയത്ത് ഗവ.ഐ.ടി.ഐ പ്രവർത്തനം തുടങ്ങിയത്.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിന്റെ അധീനതയിലായിരുന്ന പ്രവർത്തനം നിലച്ച കൈത്തറി സഹകരണ സംഘത്തിന്റെ കെട്ടിടം നവീകരിച്ചാണ് അന്ന് ഐ.ടി.ഐ പ്രവർത്തനം തുടങ്ങിയത്.
രണ്ടുവർഷത്തെ ഇലക്ട്രീഷ്യൻ, ഒരു വർഷത്തെ വെൽഡർ കോഴ്സുകളാണ് ഇവിടെ ഉണ്ടായിരുന്നത്. രണ്ടിലുംകൂടി 80 പേർക്കാണ് പ്രവേശനം നൽകിവന്നത്.
2022ൽ ആറുമാസത്തെ ഡ്രൈവർ കം മെക്കാനിക് ട്രേഡ് കോഴ്സും ആരംഭിച്ചു.
40 ട്രെയിനികൾക്ക് പ്രവേശനം നൽകിവരുന്നു.
മൂന്ന് കോഴ്സുകൾക്കുമായി 120 സീറ്റുകൾ ഉള്ളപ്പോൾ അസൗകര്യങ്ങൾ ഏറെയുണ്ട്.
തസ്തിക അനുവദിച്ചു
പ്രിൻസിപ്പൽ, ക്ളർക്ക്, ഓഫീസ് അറ്റൻഡർ, ഏഴ് ഇൻസ്ട്രക്ടർ തസ്തികകളും അനുവദിച്ചിട്ടുണ്ട്.
സ്വന്തമായി ഭൂമി ലഭ്യമായതോടെ വിപുലമായ കാമ്പസ് രൂപപ്പെടുത്താൻ കഴിയും. നവീന കോഴ്സുകൾ തുടങ്ങാനും അതുവഴി ഐ.ടി.ഐ കൂടുതൽ പ്രയോജനപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. കെട്ടിടങ്ങൾ ഉടൻ നിർമ്മിക്കാൻ പദ്ധതികൾ തയ്യാറാക്കും.
കെ.എൻ.ബാലഗോപാൽ, മന്ത്രി