നേരായ വഴി കാട്ടാനുള്ള സർക്കാർ പദ്ധതി


കൊല്ലം: കുറ്റവാളികളായ കുട്ടികളെ നേരായ വഴിയിലേക്ക് നയിക്കാനും അരക്ഷിതാവസ്ഥയിലുള്ള കുട്ടികളുടെ സംരക്ഷണത്തിനുമായി സംസ്ഥാന വനിത, ശിശു വികസന വകുപ്പ് ആരംഭിച്ച 'മിഷൻ വാത്സല്ല്യ'യുടെ കരുതലിൽ ജില്ലയിലെ വിവിധ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ കഴിയുന്നത് 746 പേർ

. ബാലനീതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 2014ലാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കാണ് മേൽനോട്ട ചുമതല. ലൈംഗിക ചൂഷണം നേരിട്ട് വീടുകളിൽ നിന്ന് പുറത്തായ കുട്ടികൾ, അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾ, വിവിധ കാരണങ്ങളാൽ സ്വന്തം വീട്ടിൽ കഴിയാനാകാത്തവർ, കുറ്റകൃത്യങ്ങളിലേർപ്പെട്ട കുട്ടികൾ എന്നിവർക്ക് മാനസിക പിന്തുണ നൽകി കരുതലോടെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുക, ഓരോ കുട്ടിക്കും ആരോഗ്യവും സന്തോഷവുമുള്ള ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവൻ കഴിവുകളും കണ്ടെത്തി വളരാൻ സഹായിക്കുക, ഇതിന് പുറമേ ശൈശവ വിവാഹം, വിദ്യാഭ്യാസ അവകാശനിയമം, പോക്സോ, ബാലവേല നിയമങ്ങൾ തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കുക എന്നിവയാണ് മിഷൻ വാത്സല്യയിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യം അന്വേഷിക്കും

 വീടുകളിൽ കഴിയാൻ സാധിക്കാത്ത കുട്ടികളെക്കുറിച്ച് പൊലീസിനും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലും ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അന്വേഷണം നടത്തും

 പ്രശ്നം നേരിടുന്ന കുട്ടികകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

 ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജുവനൈൽ ജസ്റ്റിസ് ബോർഡുമാണ് കുട്ടികളുടെ കേസുകൾ പരിഗണിച്ച് ഉത്തരവുകൾ ഇറക്കുന്നത്.

18 കഴിഞ്ഞാൽ ആഫ്ടർ കെയർ ഹോം

18 വയസുവരെയാണ് മിഷൻ വാത്സല്യ പദ്ധതിപ്രകാരം കുട്ടികൾക്ക് സംരക്ഷണമൊരുക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലുൾപ്പെട്ട രണ്ട് സെന്ററുകൾ ഉൾപ്പെടെ 49 ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളാണ് ജില്ലയിലുള്ളത്. മറ്റുള്ളവ വിവിധ എൻ.ജി.ഒകളുടെ നേതൃത്വത്തിലാണ്.

18 വയസിന് ശേഷവും സംരക്ഷണം ആവശ്യമുള്ള പെൺകുട്ടികൾക്ക് 21വയസ് വരെ കഴിയാൻ 'ആഫ്ടർ കെയർ ഹോം' എന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ജില്ലയിൽ ഒരു ആഫ്ടർ കെയർഹോമാണുള്ളത്.


സംഗീതവും യാത്രയും

ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ താമസിക്കുന്നവർക്ക് കൗൺസിലിംഗിന് പുറമേ മാനസികോല്ലാസത്തിനായി സർഗാത്മക പ്രവർത്തനങ്ങൾ, സംഗീതവുമായി ബന്ധപ്പെട്ട പരിപാടികൾ, വിനോദയാത്രകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. .

പഴയ ചിന്തകളിൽ നിന്നു മുക്തി നേടുന്നതിനാണ് വിനോദയാത്രകളും മറ്റും സംഘടിപ്പിക്കുന്നത്. ഇതിന് പുറമേ വിദ്യാഭ്യാസം , ഡോക്ടർമാരുടെ കൗൺസിലിംഗ് വൈദ്യ സഹായം എന്നിവയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്

സി.സി.ഐ അധികൃതർ