കൊല്ലം: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വില ഏകീകരിക്കണമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് ആവശ്യപ്പെട്ടു. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില 20 ശതമാനം വരെ കുറയും. ഇതിന് പുറമേ നികുതി വെട്ടിച്ചുള്ള ഇന്ധനക്കടത്തും തടയാനാകും. വ്യാജ ഇന്ധനക്കടത്തിലൂടെ കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടാകുന്നത്. പൊതുമേഖല എണ്ണക്കമ്പിനികളുടെ ഡീലർമാരായ പമ്പുകൾ കടുത്ത നഷ്ടത്തിലേക്ക് നീങ്ങി അടച്ചുപൂട്ടലിന്റെ വക്കിലാണ്. പൊതുമേഖലാ എണ്ണക്കമ്പനികളെയും ഡീലർമാരെയും സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷ്റഫ്, ട്രഷറർ മൂസ, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ എന്നിവർ ആവശ്യപ്പെട്ടു.