നടത്തിപ്പ് ചുമതല സ്വകാര്യ ഏജൻസിക്ക്
കൊല്ലം: വിദേശ കമ്പനികളുടേത് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ജോലികൾ സ്വന്തം നാട്ടിലിരുന്ന് ചെയ്യാൻ, സംസ്ഥാന സർക്കാർ വിലാസത്തിലുള്ള ആദ്യ വർക്ക് നിയർ ഹോം കമ്മ്യൂൺ കൊട്ടാരക്കരയിൽ സ്ഥാപിക്കും. നിർവഹണ ഏജൻസിയായ കെ ഡിസ്ക് താത്പര്യപത്രത്തിലൂടെ തിരഞ്ഞെടുക്കുന്ന ഓപ്പറേറ്റിംഗ് ഏജൻസിയാകും സെന്റർ നടത്തുന്നത്.
ഇതിന് ആവശ്യമായ തുകയുടെ 80 ശതമാനം ഓപ്പറേറ്റിംഗ് ഏജൻസിക്ക് പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കളായ കെ.എസ്.ഐ.ടി.ഐ.എൽ വഴി കിഫ്ബി വായ്പ നൽകും. ബാക്കി തുക ഓപ്പറേറ്റിംഗ് ഏജൻസി വഹിക്കണം. ഒരു വർഷത്തെ മോറട്ടോറിയം കാലയളവിന് ശേഷമുള്ള പത്ത് വർഷത്തിനിടെ ഓപ്പറേറ്റിംഗ് ഏജൻസി വായ്പ തുക കെ.എസ്.ഐ.ടി.ഐ.എല്ലിന് ഘട്ടംഘട്ടമായി തിരിച്ചുനൽകണം. കെ.എസ്.ഐ.ടി.ഐ.എൽ ഈ തുക കിഫ്ബിക്ക് കൈമാറും. നടത്തിപ്പിൽ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ 90 ശതമാനവും ഓപ്പറേറ്റിംഗ് ഏജൻസിക്കായിരിക്കും. 10 ശതമാനം സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനും.
കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ നേതൃത്വത്തിൽ ഓപ്പറേറ്റിംഗ് ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള താത്പപര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലും അദ്യഘട്ടത്തിൽ വർക്ക് നിയർ ഹോം കമ്മ്യൂൺ ലക്ഷ്യമിടുന്നുണ്ട്.
സ്ഥലം നിശ്ചയിക്കുന്നത് ഓപ്പറേറ്റിംഗ് ഏജൻസി
വിദേശ കമ്പനികളുടെ ഔട്ട്സോഴ്സിംഗ് ജോലികൾ ഏറ്റെടുക്കും
അന്യദേശ കമ്പനികളിലെ ജീവനക്കാർക്കും സ്ഥലം പ്രയോജനപ്പെടുത്താം
ഏജൻസിയെ നിശ്ചയിച്ച് നാല് മാസത്തിനുള്ളിൽ കേന്ദ്രം സജ്ജമാകും
............................................
അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി
തടസമില്ലാതെ വൈദ്യുതി
മികച്ച ക്യാബിനുകൾ
കോൺഫെറൻസ് ഹാൾ
കുറഞ്ഞത് 5000 ചതുരശ്രയടി വിസ്തീർണം
ഒരേസമയം 200 പേർക്ക് ജോലി ചെയ്യാം
ഓപ്പറേറ്റിംഗ് ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത് മൂന്ന് മാസത്തിനകം കേന്ദ്രം സജ്ജമാകും
കെ.എസ്.ഐ.ടി.ഐ.എൽ അധികൃതർ