വി​ദ്യാലയങ്ങളും മറ്റ് സ്ഥാപനങ്ങളുമുള്ള പ്രദേശം


അഞ്ചാലുംമൂട്: കൊല്ലം- തേനീ ദേശീയപാത കടന്നുപോകുന്ന അഞ്ചാലുംമൂട് ഭാഗത്തെ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമില്ല. വീതി കുറഞ്ഞ റോഡിലൂടെ രാവിലെയും വൈകിട്ടും വാഹനങ്ങൾ കൂട്ടമായി ജംഗ്ഷനിലേക്കെത്തുമ്പോൾ അഴിയാക്കുരുക്കായി മാറും. കടവൂരിൽ നിന്നുള്ള വാഹനങ്ങൾ അഞ്ചാലുംമൂട്ടിലേക്ക് അമിത വേഗത്തിലെത്തുന്നത് അപകടഭീതിയും സൃഷ്ടിക്കുന്നുണ്ട്.

അഞ്ചാലുംമൂട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള കടവൂരെത്താൻ 15 മിനിറ്റിലധികം വേണ്ട സ്ഥിതിയാണ്. രണ്ട് സർക്കാർ സ്‌കൂളുകളും നിരവധി ട്യൂഷൻ സെന്ററുകളുമുള്ള പ്രദേശത്ത് നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രതിദിനം ജംഗ്ഷനിലേക്ക് എത്തുന്നത്. ഗതാഗതക്കുരുക്ക് മൂലം റോഡ് മുറിച്ച് കടക്കാൻ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പലപ്പോഴും ജംഗ്ഷനിലുള്ള കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും സമീപത്തെ ഒാട്ടോ- ടാക്‌സി ഡ്രൈവർമാരുമാണ് കുട്ടികളെ സഹായിക്കുന്നത്. ജംഗ്ഷനിൽ ഹോം ഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും നാല് ദിശകളിൽ നിന്ന് വാഹനങ്ങളെത്തുന്നതിനാൽ കൃത്യമായ നിയന്ത്രണം സാദ്ധ്യമാകാത്ത അവസ്ഥയുമുണ്ട്.

രണ്ട് വലിയ വാഹനങ്ങൾ ഒരേസമയം അഞ്ചാലുംമൂട് ജംഗ്ഷനിലെത്തിയാൽത്തന്നെ ആകെ കുരുങ്ങും. ഓണക്കാലമായതോടെ ഗതാഗതക്കുരുക്ക് കൂടുതൽ മുറുകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ തൃക്കടവൂർ വില്ലേജ് ഓഫീസിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ അനധികൃതമാായി പാർക്ക് ചെയ്യുന്നതും മറ്റു വാഹനങ്ങൾ കടന്ന് പോകുന്നതിന് തടസമാകുന്നുണ്ട്. തിരക്കുള്ള ജംഗ്ഷനിൽ പൊലീസിന്റെ വാഹന പരിശോധനയും കുരുക്കിന്റെ കാഠിന്യം കൂട്ടുന്നു.
ബസ് ബേയ്ക്ക് നീക്കിവച്ചിരിക്കുന്ന സ്ഥലത്തെയും കടകൾക്ക് മുന്നിലെയും അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നും സ്‌കൂൾ സമയത്ത് ഇവിടെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണമെന്നുമുള്ള ആവശ്യങ്ങൾക്ക് പഴക്കമേറെയാണ്.

അനധികൃത പാർക്കിംഗ്

വീതി കുറഞ്ഞ അഞ്ചാലുംമൂട് റോഡിനെ കുരുക്കിലാക്കുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് ജംഗ്ഷനിലെ അനധികൃത പാർക്കിംഗാണ്. റോഡ് കൈയേറിയുള്ള പാർക്കിംഗ് മൂലം കാൽനട, വാഹന യാത്രികർ ഏറെ ബുദ്ധിമുട്ടുന്നു. പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിരിക്കുന്ന അഞ്ചാലുംമൂട് ഗവ. സ്‌കൂളിന് മുന്നിലെ റോഡ് വരെ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നീണ്ടനിര കാണാം. ഇരുചക്രവാഹനങ്ങളും കാറുകളൃും ഉൾപ്പെടെയാണ് ഇപ്രകാരം പാർക്ക് ചെയ്യുന്നത്. സമീപത്തെ കടകളിലെത്തുന്നവരുടെ വാഹനങ്ങൾ കൂടിയാവുമ്പോൾ കാര്യങ്ങൾ പൂർണമാവും!

സീബ്രാ ലൈനില്ല

പ്രധാന ജംഗ്ഷനായ അഞ്ചാലുംമൂട്ടിൽ സീബ്രാലൈനിന്റെ അഭാവവുമുണ്ട്. മാഞ്ഞുപോയ സീബ്രാലൈൻ വരയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനാൽ വിദ്യാർത്ഥികളും പ്രായമായവരും റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ഡ്രൈവർമാരുടെയോ വിദ്യാർത്ഥികളുടെയോ അശ്രദ്ധ മൂലം ഏതു സമയവും ഇവിടെ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്.