 
കച്ചവടം ഉഷാറെന്ന് വ്യാപാരികൾ
കൊല്ലം: ഓണസദ്യ വിളമ്പുന്ന ഇലയുടെ ഒരറ്റത്ത് ഉപ്പേരിയില്ലെങ്കിൽ സദ്യ പൂർണമാവില്ലെന്ന വിശ്വാസക്കാരാണ് മലയാളികൾ. പൊന്നോണത്തിലേക്ക് കൂടുതൽ അടുക്കുന്തോറും ഉപ്പേരി വിപണി സജീവമാകുകയാണ്.
വറുത്തുകോരി കവറുകളിൽ നിറയ്ക്കേണ്ട താമസം മാത്രം, നിമിഷങ്ങൾക്കുള്ളിൽ വിറ്റുപോകും. ഓണം മുന്നിൽക്കണ്ട് കഴിഞ്ഞമാസം തന്നെ ഉപ്പേരി വിപണിയിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. മൊത്ത വിപണിയോടൊപ്പം വാഹനങ്ങളിലും മറ്രും എത്തിച്ചുള്ള ചില്ലറ വില്പനയും തുടങ്ങിക്കഴിഞ്ഞു. പച്ചക്കായുടെ ചിപ്സിനേക്കാൾ കൂടുതൽ ഡിമാൻഡ് പഴുത്ത ഏത്തയ്ക്കയുടെ ചിപ്സിനാണ്. കൂടാതെ കപ്പ, ഉരുളക്കിഴങ്ങ്, കാച്ചിൽ, ചേന എന്നിവയുടെ ചിപ്സുകൾക്കും ആവശ്യക്കാർ ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഓണസദ്യയിൽ ഉപയോഗിക്കാനും ബന്ധുവീടുകളിൽ നൽകാനുമാണ് ഇത്തരം ഉപ്പേരികൾ ഉപയോഗിക്കുന്നത്. തിരുവോണം അടുക്കുന്നതോടെ കച്ചവടം ഇനിയും ഉഷാറാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
തിളച്ചുമറിഞ്ഞ് വില
ഏത്തയ്ക്കയുടെയും വെളിച്ചെണ്ണയുടെയും വിലയിലെ മാറ്റം ഉപ്പേരി വിലയെയും ബാധിച്ചിട്ടുണ്ട്. ഒരു കിലോ ചിപ്സിന് 500 രൂപയും ശർക്കരവരട്ടിക്ക് 400 രൂപയുമാണ്. കടകൾക്കും സ്ഥലത്തിനും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകാം. രണ്ടുമാസം മുൻപ് വരെ കിലോയ്ക്ക് 250 രൂപയായിരുന്നു ചിപ്സിന്. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന ഏത്തയ്ക്കയാണ് ഉപ്പേരി നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. നാടൻ ഏത്തയ്ക്കയുടെ ഉപ്പേരിക്ക് വില കൂടും. സ്കൂളുകളിലും കോളേജുകളിലും ക്ലബ്ബുകളിലും ഓണാഘോഷങ്ങൾ ആരംഭിക്കുന്നതോടെ ഉപ്പേരി വില ഉയരാനാണ് സാദ്ധ്യത.