നിയന്ത്രിക്കാനാവാതെ പൊലീസും

കൊല്ലം: കമ്മിഷണർ ഓഫീസ് റെയി​ൽവേ മേൽപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ നഗരഹൃദയമായ ചിന്നക്കടയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം. വാഹനയാത്രക്കാർ പെടാപ്പാട് പെടുന്നതിനൊപ്പം കുരുക്ക് അഴിക്കാനാകാതെ പൊലീസും വി​യർക്കുകയാണ്.

കമ്മിഷണർ ഓഫീസ് ആർ.ഒ.ബി വഴി ബീച്ച്, പള്ളിത്തോട്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂട്ടത്തോടെ ചിന്നക്കടയിലേക്കും എസ്.എം.പി റെയിൽവേ ഗേറ്റ് വഴി ബീച്ച് റോഡിലേക്കും എത്തിയതാണ് കുരുക്കിന്റെ കാരണം. എസ്.എം.പി ഗേറ്റ് അടച്ചിടുമ്പോൾ വാഹനങ്ങൾ എഫ്.സി.ഐ ഗോഡൗൺ വരെ നീളുകയാണ്. മറുഭാഗത്തെ ബീച്ച് റോഡിലും ഈ സമയത്ത് വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെ, ഇന്നലെ ഗതാഗതം പല സമയങ്ങളിലും സ്തംഭിക്കുന്ന അവസ്ഥയായി.

എസ്.എം.പി റെയിൽവേ ഗേറ്റിൽ പെടാതിരിക്കാൻ വലിയൊരു വിഭാഗം വാഹനങ്ങൾ ചിന്നക്കടയിലേക്കുമെത്തി. പതിവിലുമേറെ വാഹനങ്ങൾ എത്തിയതോടെ ചിന്നക്കട മേല്പാലം മുതൽ ബിഷപ്പ് ജെറോം നഗർ വരെ തുടർച്ചയായി ഗതാഗതം സ്തംഭിച്ചു. എസ്.എം.പി ഗേറ്റ് വഴി ട്രെയിനുകൾ കടന്നുപോയ സമയത്താണ് ഗുരുക്ക് ഏറെ രൂക്ഷമായത്.

 ചൊവ്വാഴ്ച തുറന്നേക്കും

ഈ മാസം 11 വരെ പാലം അടച്ചിട്ട് നിർമ്മാണം നടത്താനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം. എന്നാൽ ഓണക്കാലത്ത് ആർ.ഒ.ബി അടയ്ക്കുന്നത് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്ന് ഈസ്റ്റ് പൊലീസ് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. എന്നിട്ടും ഇന്നലെ രാവിലെ ആർ.ഒ.ബി അടച്ചതോടെ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകി. ഈസ്റ്റ് പൊലീസും പൊതുമരാമത്ത് വകുപ്പ് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച രാത്രി നിർമ്മാണം പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ തുറന്നുനൽകാൻ ധാരണയായി.

 വീടുകളി​ലേക്കുള്ള വഴിയടഞ്ഞു

ആർ.ഒ.ബിയിലേക്ക് വാഹനങ്ങൾ കയറാതിരിക്കാൻ ക്രൗതർ മസോണിക് ഹാളിന് സമീപവും കമ്മിഷണർ ഓഫീസിന് മുന്നിലെ റോഡുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ ഇതിനിടയിലുള്ള നിരവധി കുടുംബങ്ങളുടെ വഴി അടഞ്ഞിരിക്കുകയാണ്. ഈ പ്രദേശത്തുകാർ വാഹനങ്ങൾ ബാരിക്കേ‌ഡിന് പുറത്ത് പാർക്ക് ചെയ്ത് വീടുകളിലേക്ക് നടന്നുപോകേണ്ട അവസ്ഥയാണ്. രാത്രികാലങ്ങളിൽ ആർക്കെങ്കിലും അത്യാഹിതമുണ്ടായാൽ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനുമാകില്ല.