photo
സൂരജ്

പുനലൂർ: പുനലൂരിൽ കാറിൽ കൊണ്ടുവന്ന 146 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും പുനലൂർ പൊലീസും ഹൈവേ പെട്രോളിംഗ് വെഹിക്കിൾ ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. കുണ്ടറ സൂരജ് ഭവനിൽ സൂരജ്( 34) , പവിത്രേശ്വരം ചെറു പൊയ്ക നൈനീക ഭവനിൽ നിതീഷ് (28)എന്നിവരെയാണ് ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തതത്. ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലേക്ക് വൻ തോതിൽ മയക്ക് മരുന്നു കടത്തുന്നതായി ജില്ലാ റൂറൽ പൊലീസ് മേധാവി കെ.എം.സാബു മാത്യൂവിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്നാണ് സംയുക്ത സംഘം നടത്തിയ വാഹന പരിശോധനയിൽ ബാഗ്ലൂരിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്ന മയക്കു മരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 1.45ന് പുനലൂർ ടി.ബി.ജംഗ്ഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുമ്പ് എം.ഡി.എം.എയുമായി പിടികൂടിയ കേസിൽ രണ്ട് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും മയക്കുമരുന്ന് കടത്ത് കേസിൽ യുവാക്കളെ പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു. ഡാൻസാഫ് എസ്.ഐ. ജ്യോതിഷ് ചിറവൂർ, പുനലൂർ എസ്.ഐ എം.എസ്.അനീഷ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ.ബിജുഹക്ക്, എസ്.സി.പിഒമാരായ ടി.സാജുമോൻ,പി.എസ്.അഭാലാഷ്,സി.പി.ഒമാരായ ദിലീപൻ,ബിപിൻ ക്ലീറ്റസ് സിയാദ്, സന്തോഷ്, രാജേഷ് തുടങ്ങിയ നിരവധി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.