 
കരുനാഗപ്പള്ളി: പശ്ചിമതീര കനാലിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ മൈനർ ഇറിഗേഷൻ ആധുനിക ചീപ്പ് നിർമ്മിക്കുന്നു. തീരദേശ വാസികളുടെ വർഷങ്ങളായുള്ള ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മണ്ണേക്കടവിൽ ഉണ്ടായിരുന്ന ചീപ്പ് തകർന്ന് വീണിട്ട് കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. കൃഷി ആവശ്യത്തിന് വേണ്ടിയായിരുന്നു ഇവിടെ ചീപ്പ് നിർമ്മിച്ചിരുന്നത്. കാലപ്പഴക്കത്തിൽ ചീപ്പ് തകർന്ന് വീണതോടെ പശ്ചിമ തീര കനാലിൽ നിന്ന് വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം പ്ലാശ്ശേരിൽ തോട്ടിലൂടെ കയറി കര കൃഷി നശിക്കുന്നത് പതിവായിരുന്നു. ഇവിടെ ചീപ്പ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കേരള കൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു.
പരിഹാരം നവകേരള സദസിൽ
തോടിന്റെ ഇരു വശങ്ങളിലും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഉപ്പ് വെള്ളം കര കവിഞ്ഞ് വീടുകളിലേക്ക് കടക്കുന്നതാണ് പ്രദേശവാസികൾക്ക് വിനയായത്. രാത്രി സമയങ്ങളിൽ വീടുകളിൽ ഉപ്പ് വെള്ളം കയറുമ്പോൾ പ്രദേശവാസികൾ മക്കളേയും എടുത്ത് വെള്ളം കയറാത്ത സ്ഥലത്തേക്ക് മാറുമായിരുന്നു. തകർന്ന് പോയ ചീപ്പ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ഇതേ തുടർന്നാണ് ഡിവിഷൻ കൗൺസിലർ സീമാ സഹജൻ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പരാതി നൽകിയത്. ഇതാണ് പ്രശ്നത്തിന് പരിഹാരമായത്.
7.50 ലക്ഷം രൂപ അടങ്കൽ തുക
മൈനർ ഇറിഗേഷനാണ് ചീപ്പ് നിർമ്മിക്കുന്നത്. 7.50 ലക്ഷം രൂപയാണ് അടങ്കൽ തുക. കരുനാഗപ്പള്ളി നഗരസഭയുടെ ഒന്നാം ഡിവിഷനിലെ മണ്ണേൽകടവിലാണ് ചീപ്പ് നിർമ്മിക്കുന്നത്.
നിർമ്മാണോദ്ഘാടനം
ചീപ്പിന്റെ നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. കൗൺസിലർ സീമാ സഹജൻ അദ്ധ്യക്ഷയായി. കെ. പ്രകാശ്, എം. സുരേഷ് കുമാർ, കടയ്ക്കൽ രാജൻ, പി.വിജയൻ, സ്മിത, വിജയൻ വേളൂർമണ്ണൽ, ശ്രീകുമാർ, ബിപിൻ, സത്യശീലൻ,ദേവദാസ്, ശോഭന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചീപ്പ് പൂർത്തിയാകുന്നതോടെ എല്ലാത്തരം കൃഷിയും ചെയ്യാൻ കഴിയും.
കോട്ടയിൽ രാജു
ചെയർമാൻ