photo
കൊട്ടാരക്കരയിൽ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയ സദസ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ഗ്രാമീണ മേഖലകളിൽ യാത്രാക്ളേശത്തിന് പരിഹാരമുണ്ടാക്കാൻ ഉതകുന്ന നിർദ്ദേശങ്ങളും ചർച്ചകളുമായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയ സദസ് ശ്രദ്ധേയമായി. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലേക്കും ആവശ്യമായ ബസ് റൂട്ടുകളെ സംബന്ധിച്ചാണ് അധികവും ചർച്ച ചെയ്തത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ തുടങ്ങാനുള്ള നീക്കങ്ങളുടെ ഭാഗമായി മന്ത്രി കെ.ബി.ഗണേശ് കുമാർ ഇടപെട്ടാണ് ജനകീയ സദസുകൾ മണ്ഡലാടിസ്ഥാനത്തിൽ ചേരുന്നത്. കൊട്ടാരക്കര ജോ.ആർ.ടി.ഒ മുൻകൈയെടുത്ത് നടത്തിയ കൊട്ടാരക്കരയിലെ ജനകീയ സദസ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, ജോ.ആർ.ടി.ഒ എസ്.ദിലീപ്, വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ, വിവിധ പഞ്ചായത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ- സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആർ.ടി.ഒ പദ്ധതി വിശദീകരണം നടത്തി. ചർച്ചകളിലൂടെ വിവിധ ബസ് റൂട്ടുകളെപ്പറ്റി ആദ്യഘട്ട ധാരണയുണ്ടാക്കി. തുടർന്ന് ഇവ നടപ്പാക്കാനുള്ള നടപടികൾ ആലോചിക്കും.