വൈക്കോൽ ചി​ത്രങ്ങളി​ലൂടെ വി​സ്മയമായ കലാകാരൻ

കൊല്ലം: വൈക്കോൽ മുറി​ച്ച് കറുത്ത തുണി​യി​ലെ ചി​ത്രങ്ങളി​ൽ ഒട്ടി​ച്ച് മനോഹര കാഴ്ചവി​രുന്നൊരുക്കി​ വി​സ്മയമാവുകയാണ് പെരിനാട് അമ്പഴവയൽ മുടിയിൽ വീട്ടിൽ രാധാകൃഷ്ണൻ (58). ഈ രംഗത്ത് 45 വർഷമായി​ നി​റഞ്ഞു നി​ൽക്കുന്ന രാധാകൃഷ്ണനെത്തേടി​ നി​രവധി​ അംഗീകാരങ്ങളും എത്തി​യി​ട്ടുണ്ട്.

ചെറുപ്പത്തിലേ തന്നെ വൈക്കോൽ ഉപയോഗിച്ച് ചിത്രങ്ങൾ ചെയ്യാൻ പഠിച്ചു. സഹോദരൻ കിരൺ രാജേന്ദ്രൻ ആയിരുന്നു ഗുരു. ചിത്രങ്ങൾക്ക് കൃത്രിമനിറങ്ങൾ ഉപയോഗിക്കാറി​ല്ല. വൈക്കോലിന്റെ സ്വാഭാവിക നിറങ്ങളി​ലാണ് ഷെയ്ഡ് ഒരുക്കുന്നത്. നൂലിന്റെ ഉൾപ്പെടെ വലി​പ്പത്തിൽ വൈക്കോലുകൾ വെട്ടിയെടുത്താണ് കറുത്തതുണിയിൽ ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും കൃഷ്ണനും ഗണപതിയും യേശുവും താജ്മഹലും പ്രകൃതി ദൃശ്യങ്ങളും ഉൾപ്പെടെ എണ്ണിയാൽ ഒടുങ്ങാത്തത്ര ചിത്രങ്ങളാണ് രാധാകൃഷ്ണനിലൂടെ പിറവികൊണ്ടത്. പുത്തൂർ, ആനയടി ഭാഗത്ത് നിന്നാണ് വൈക്കോൽ ശേഖരിക്കുന്നത്. യന്ത്രത്തിന്റെ സഹായമില്ലാതെ കൈകൊണ്ട് വെട്ടിയെടുത്ത വൈക്കോൽ വെള്ളം നനയ്ക്കാതെ നന്നായി ഉണക്കും. കാർഡ് ബോർഡിലും മറ്റും കറുപ്പ് തുണി ഒട്ടിച്ച് ക്യാൻവാസ് തയ്യാറാക്കും . അതിൽ ചിത്രംവരച്ച ശേഷമാണ് ചീകിമിനുക്കിയ വൈക്കോൽത്തുണ്ടുകൾ ഒട്ടിച്ച് മോടികൂട്ടുന്നത്.

ചില ചിത്രങ്ങൾ ഒരുദിവസം കൊണ്ട് തയ്യാറാകുമെങ്കിൽ സങ്കീർണമായ ചിത്രങ്ങൾക്ക് ആഴ്ചകളോളം വേണ്ടി​വരും. നിരവധിപേരെ വൈക്കോൽ കൊണ്ട് ചിത്രം ചെയ്യാൻ പഠിപ്പിച്ചി​ട്ടുണ്ട്. മുടിയിൽ ഹാൻഡിക്രാഫ്റ്റ് എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഓൺലൈനായും​ ചി​ത്രങ്ങൾക്ക് ഓർഡറുകൾ ലഭിക്കാറുണ്ട്. ഭാര്യ വിജയലക്ഷ്മിയും മക്കളായ രാഹുൽ കൃഷ്ണ ഗോകുൽ കൃഷ്ണ എന്നിവരും പൂർണ പിന്തുണനൽകി ഒപ്പമുണ്ട്.

ദേശീയ അംഗീകാരം

വൈക്കോൽ ചിത്രങ്ങൾ ഇതിനോടകം നിരവധി അംഗീകാരങ്ങളാണ് രാധാകൃഷ്ണന് നേടി​ക്കൊടുത്തത്. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം ഏർപ്പെടുത്തിയ കരകൗശല വിദഗ്ദ്ധർക്കുള്ള 2023 ലെ ദേശീയ അവാർഡ് ആണ് ഒടുവിലത്തേത്. ധ്യാനത്തിലിരിക്കുന്ന ഹനുമാന്റെ ചിത്രമാണ് അവാർഡിന് അർഹനാക്കിയത്.2017ലും 1999ലും സംസ്ഥാന അവാർഡും 2014ൽ നാഷണൽ മെറിറ്റ് അവാർഡും നേടി. സഹോദരൻ കിരൺ രാജേന്ദ്രനും വൈക്കോൽചിത്രങ്ങൾക്ക് 1996 ലെ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.