കൊല്ലം: ഗണേശോത്സവം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗണേശോത്സവത്തിന് സമാപനം കുറിച്ചുള്ള വിഗ്രഹ നിമജ്ജന ഘോഷയാത്ര വർണാഭവും ഭക്തിസാന്ദ്രവുമായി.
നൂറുകണക്കിന് ഗണേശ ഭക്തർ ഘോഷയാത്രയിൽ പങ്കെടുത്തു. ദീപാലങ്കാരവും ശബ്ദവിസ്മയവും ഒരുക്കിയ വാഹനങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. ജില്ലയുടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച ഗണേശ വിഗ്രഹങ്ങൾ ചെറു ഘോഷയാത്രകളായി വൈകിട്ട് 5ന് ആശ്രാമം മുനീശ്വരൻ കോവിലിന് മുന്നിലെത്തി. അവിടെ നിന്നു വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ഗണേശ വിഗ്രഹങ്ങൾ നഗരപ്രദക്ഷിണം ചെയ്തു. തുടർന്ന് 8.30 ഓടെ വിഗ്രഹ ഘോഷയാത്ര ബീച്ചിലെത്തി. ഇവിടെ 1008 നാളികേരങ്ങൾ കൊണ്ടുള്ള ഗണപതി ഹോമവും വിവിധ പൂജകളും നടന്നു. പിന്നേട് ഗണേശവിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്തു. ഗണേശോത്സവം ട്രസ്റ്റ് ജില്ലാ ചെയർമാൻ ആർ. പ്രകാശൻപിള്ള, സെക്രട്ടറി അശോക് കുമാർ, രക്ഷാധികാരികളായ ശാന്താലയം ശശികുമാർ, വിനുകുമാർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.