പരവൂർ: പരവൂരിലെ മുനിസിപ്പൽ റോഡുകൾ ഉടൻ സഞ്ചാര യോഗ്യമാക്കണമെന്നും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരവൂർ പൊഴിക്കരയിൽ റോഡ് ഉപരോധിച്ചു. തെരുവ് വിളക്കുകൾ തെളിയാത്തതിനാൽ തെരുവ് നായ കാരണം രാത്രിയിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. അടിയന്തരമായി ഈ വിഷയങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ പറഞ്ഞു. ഉപരോധം സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടറി കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ നേതാക്കളായ റിജാദ്, മിഥുൻ, സ്വാതി, അഖിൽ, അർജുൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി യാക്കൂബ്, കൗൺസിലർ നസീമ, ഷൈൻ കുറുപ്പ്, ജി.ശശിധരൻ, സിറാജുദ്ദീൻ, എൻ.എ. റഷീദ്, വി.ജി. സജീവ് തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.