അഞ്ചൽ: പട്ടാപ്പകൽ നടുറോഡിൽ ഓട്ടോറിക്ഷക്കുള്ളിൽ പെട്രോളൊഴിച്ച് കത്തിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അഞ്ചൽ ചന്തമുക്കിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പുനലൂർ കലുങ്ങുംമുകൾ സ്വദേശി സന്തോഷ (35)നെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
യാത്രക്കാരിയുമായി വാക്കേറ്റം
വട്ടമൺ ഭാഗത്തു നിന്ന് എത്തിയ ഓട്ടോറിക്ഷ സംഭവസ്ഥലത്തെത്തിയപ്പോൾ നിറുത്തിയിടുകയും പുറത്തേക്കിറങ്ങിയ സന്തോഷ് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിയുമായി വഴക്കിടുകയുണ്ടായി. തുടർന്ന് യാത്രക്കാരി ഓട്ടോയിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ സന്തോഷ് ഓട്ടോറിക്ഷയിൽ കയറി പെട്രോൾ ദേഹത്തൊഴിച്ച് തീ കത്തിക്കുകയായിരുന്നു. തീ ആളിപ്പടർന്നതോടെ പുറത്തേക്ക് വീണ സന്തോഷിനെ നാട്ടുകാരാണ് തീയണച്ച ശേഷം രക്ഷപെടുത്തിയത്. അഞ്ചൽ എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തുടർനടപടി സ്വീകരിച്ചു.