ആദ്യഘട്ടം 300 കോടി
2.78 കി.മീ.നീളം
സ്ഥലം ഏറ്റെടുപ്പിന് 110.36 കോടി
കൊട്ടാരക്കര: കൊട്ടാരക്കര ബൈപ്പാസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 300 കോടി രൂപ അനുവദിച്ചു. 2.78 കിലോ മീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമ്മിക്കേണ്ടത്. ഇതിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. എം.സി റോഡിൽ കരിക്കത്തിന് സമീപം പൂർണപ്രകാശ് ഹോട്ടലിന് സമീപത്തുനിന്നും തുടങ്ങി മൈലം വില്ലേജ് ഓഫീസിന് സമീപത്ത് എത്തിച്ചേരും വിധമാണ് ബൈപ്പാസ് നിർമ്മിക്കുക. പുലമൺ പാലത്തിന് അപ്പുറത്തായി മേല്പാലം നിർമ്മിക്കേണ്ടതുണ്ട്. ഇതടക്കം രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു.
ഈ വർഷം അവസാനത്തോടെ
ഏറ്റെടുക്കേണ്ട ഭൂമിയുടെ ഏകദേശ ധാരണ കൈവന്നിട്ടുണ്ട്. ഇനി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമിയുടെ ഉടമകളുമായി ധാരണയെത്തണം. നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾക്ക് മാസങ്ങളെടുക്കും. ഈ വർഷം അവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാമെന്നാണ് പ്രതീക്ഷ. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ പട്ടികയടക്കം തയ്യാറാക്കിയിട്ടുണ്ട്. ഇതിന് വില നിശ്ചയിക്കൽ നടപടികളാണ് ഇനി അടിയന്തരമായി നടക്കേണ്ടത്. സ്ഥലം ഏറ്റെടുപ്പിന് 110.36 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ഗതാഗത കുരുക്കൊഴിയും
എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര.
ഇവിടെ റോഡ് വികസനം നടന്നിട്ട് കാലങ്ങളായി.
ഇടുങ്ങിയ പട്ടണത്തിലെ ഗതാഗത കുരുക്ക് ഗുരുതര പ്രശ്നമാണ്.
ഇതേത്തുടർന്ന് പുലമൺ കവലയിൽ മേൽപ്പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു.
അതെല്ലാം മാറ്റിക്കൊണ്ടാണ് ബൈപ്പാസ് നിർമ്മിക്കാൻ തീരുമാനമെടുത്തത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണത്തിനുള്ള മേൽനോട്ടം.
കൊട്ടാരക്കര സാധാരണയ്ക്കപ്പുറം വളരുകയാണ്. നിരവധി പദ്ധതികൾ നടപ്പാക്കി, ചിലത് നടപ്പുവശത്തിലുമാണ്. പട്ടണത്തിന്റെ ഗതാഗത കുരുക്ക് ഒഴിവാക്കുകയെന്നത് പ്രധാന പ്രശ്നമാണ്. അതിനായി ബൈപ്പാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കും. ഭൂമി ഏറ്റെടുക്കലും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 300 കോടി രൂപ ആദ്യഘട്ടം ചെലവഴിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി, ഭൂമി ഏറ്റെടുക്കും. പിന്നീട് നിർമ്മാണ ജോലികൾ ഘട്ടം ഘട്ടമായി തുടങ്ങാനാകും.
കെ.എൻ.ബാലഗോപാൽ, മന്ത്രി