വിശദ രൂപരേഖയ്ക്ക് മുന്നോടിയായി ട്രയൽ റൺ ഉടൻ
കൊല്ലം: മൺറോത്തുരുത്തിലെ ചെറു ജലാശയങ്ങളിലൂടെ സഞ്ചരിച്ച് കണ്ടൽ കാടുകളുടെ സൗന്ദര്യം ആസ്വദിക്കാൻ ഡിങ്കി ബോട്ട് സർവ്വീസുമായി ജലഗതാഗത വകുപ്പ്. വിശദ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ട്രയൽ റൺ വൈകാതെ നടക്കും.
മൺറോത്തുരുത്തിലെ ഏതെങ്കിലും കടവിലേക്ക്, കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് കുറഞ്ഞത് 50 പേർക്കെങ്കിലും സഞ്ചരിക്കാവുന്ന സോളാർ ബോട്ടിൽ സഞ്ചാരികളെ എത്തിക്കും. അവിടെ നിന്ന് ചെറിയ ഡിങ്കി ബോട്ടുകളിൽ തുരുത്തിനുള്ളിലേക്ക് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. നിലവിൽ ജലഗതാഗത വകുപ്പിനായി സോളാർ ബോട്ടുകളുടെയും പത്ത് ഡിങ്കി ബോട്ടുകളുടെയും നിർമ്മാണം നടക്കുന്നുണ്ട്. പൂർത്തിയാകുന്ന മുറയ്ക്ക് ഒരു സോളാർ ബോട്ടും മൂന്ന് ഡിങ്കി ബോട്ടുകളും കൊല്ലത്ത് എത്തിക്കാനാണ് ആലോചന. ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടി ടൂറിസം സർവ്വീസ് വൻ വിജയമായതോടെയാണ് പുതിയ സർവ്വീസുകൾക്കുള്ള രൂപരേഖ തയ്യാറാക്കുന്നത്.
ഭക്ഷണം ലഭ്യമാക്കും
സീ അഷ്ടമുടി സർവ്വീസിലേതു ലെ ഭക്ഷണം ഏതെങ്കിലും സന്ദർശന കേന്ദ്രങ്ങളിൽ ലഭ്യമാക്കും. സീ അഷ്ടമുടി സർവീസിന്റെ മാതൃകയിൽ അഷ്ടമുടിക്കായലിലെ തുരുത്തുകളിലേക്ക് സിംഗിൾ ഹൾ ബോട്ട് ഉപയോഗിച്ചുള്ള സർവ്വീസിനും ആലോചനയുണ്ട്. രണ്ട് പദ്ധതികൾക്കും അടുത്ത ബഡ്ജറ്റിൽ പണം അനുവദിക്കുമെന്നാണ് പ്രതീക്ഷ.