മൂന്നു മാസത്തി​നി​ടെ കൂടുതൽ പേരെ കടി​ച്ചത് പൂച്ചകൾ

കൊല്ലം: ജില്ലയിൽ ഒരുമാസത്തിനിടെ രണ്ട് പേർ പേവിഷബാധയേറ്റ് മരിച്ചു. ആറ് മാസം മുൻപ് നായയുടെ കടിയേറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പെടുക്കാത്ത ആളാണ് ഒന്ന്. രണ്ടാമത്തെയാൾക്ക് എങ്ങനെയാണ് പേവിഷബാധയുണ്ടായതെന്ന് വ്യക്തതയില്ല. എന്നാൽ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരെക്കാൾ കൂടുതലാണ് ജില്ലയിൽ പൂച്ചകളുടെ കടി കിട്ടുന്നവർ!

മൂന്ന് മാസത്തിനിടെ 7527 പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ഇതേസമയം 8840 പേർക്ക് പൂച്ചകളുടെ കടിയേറ്റു. വളർത്തുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണവും സമീപകാലത്ത് ഉയർന്നിരിക്കുകാണ്. വീടുകളിൽ പൂച്ചകളെയും നായ്ക്കളെയും വളർത്തുന്നവരുടെ എണ്ണം കൊവിഡ് കാലത്ത് ഉയർന്നതാണ് പ്രശ്നം. വളർത്തുനായ്ക്കൾക്ക് ഭൂരിഭാഗം പേരും പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കുമെങ്കിലും പൂച്ചകൾക്ക് എടുക്കാറില്ല. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പെടുക്കുന്ന പദ്ധതിയും മെല്ലെപ്പോക്കിലാണ്. മാസത്തിൽ മൂന്നോ നാലോ കേന്ദ്രങ്ങളിൽ മാത്രമാണ് പ്രതിരോധ കുത്തിവയ്പ് നടക്കുന്നത്.

 കടിയേറ്റാൽ വാക്സിനെടുക്കണം

നായയുടെയോ പൂച്ചയുടെയോ കടിയേറ്റാൽ ഉടൻ തന്നെ പേവിഷ പ്രതിരോധത്തിനുള്ള ഇന്റാ ഡെർമൽ റാബിസ് വാക്സിനെടുക്കണം. റാബ്ഡോ എന്ന വൈറസാണ് പേവിഷബാധയ്ക്ക് ഇടയാക്കുന്നത്. നായയുടെയോ പൂച്ചയുടെയോ ഉമിനീരിൽ നിന്നു മുറിവുകളിലൂടെയാണ് വൈറസ് മനുഷ്യശരീരത്തിൽ എത്തുന്നത്. പിന്നീട് ഞരമ്പുകളിലൂടെ തലച്ചോറിലെത്തും. തലച്ചോറിനോട് അടുത്ത ശരീരഭാഗങ്ങളിലാണ് കടിയേൽക്കുന്നതെങ്കിൽ വൈറസ് വേഗം തലച്ചോറിലെത്തും. അതുകൊണ്ട് മുഖത്തോ കൈകളിലോ കടിയേറ്റാൽ ഇമ്മ്യൂണോ ഗ്ലോബുലിനോ സിറമോ കുത്തിവയ്ക്കണം.

മാസം, നായയുടെ കടിയേറ്റവർ, പൂച്ചയുടെ കടിയേറ്റവർ (ജില്ലയിൽ)

ജൂൺ: 2672, 3063

ജൂലൈ: 2247, 2701
ആഗസ്റ്റ്: 2608, 3076

ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർ

(മാസം, നായയുടെ കടിയേറ്റവർ, പൂച്ചയുടെ കടിയേറ്റവർ)

ജൂൺ: 441, 418

ജൂലൈ: 323, 108

ആഗസ്റ്റ്: 373, 420


നായ്ക്കളെപ്പോലെ തന്നെ പൂച്ചകളെയും സൂക്ഷിക്കണം. പേവിഷബാധ പടരാൻ നായയും പൂച്ചയും കടിക്കണമെന്നില്ല. പേവിഷബാധയുള്ള ജീവിയുടെ ഉമിനീർ മനുഷ്യശരീരത്തിലെ ചെറുമുറിവുകളിൽ വീണാലും മതി. നായകളെക്കാൾ കൂടുതൽ ഉമിനീർ പുറപ്പെടുവിക്കുന്നത് പൂച്ചകളാണ്

ഡോ. ഡി. ഷൈൻകുമാർ (ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ മൃഗസംരക്ഷണ കേന്ദ്രം)