അഞ്ചിൽ മൂന്നെണ്ണം റോഡിലേക്ക് ചരിഞ്ഞു
അഞ്ചാലുംമൂട്: ബൈപ്പാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായുള്ള ഓട നിർമ്മാണത്തിനു വേണ്ടി പള്ളിവേട്ട്ചിറയ്ക്കും നീരാവിൽ പാലത്തിനും സമീപം മാറ്റി സ്ഥാപിച്ച വൈദ്യുത പോസ്റ്റുകൾ റോഡിലേക്ക് ചരിഞ്ഞ് അപകടഭീഷണി സൃഷ്ടിച്ചിട്ടും അധികൃതർ അനങ്ങുന്നില്ല.
അഞ്ച് പോസ്റ്റുകളാണ് ഈ ഭാഗത്ത് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലേക്കും കോച്ചിംഗ് സെന്ററിലേക്കും വിദ്യാർത്ഥികളും നൂറിലേറെ വാഹനങ്ങളും കടന്നുപോകുന്ന സ്ഥലത്താണ് പോസ്റ്റുകൾ. ഇതിൽ മൂന്നെണ്ണം കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ റോഡിലേക്ക് ചരിഞ്ഞു. രാത്രിയായതിനാൽ ദുരന്തം ഒഴിവായി. ഓടയ്ക്ക് സമീപത്തെ വീടിന് മുന്നിൽ നിന്ന പോസ്റ്റുകളാണ് ചരിഞ്ഞത്. അർദ്ധരാത്രിയിൽ വലിയ ശബ്ദത്തോടെ വൈദ്യുത ലൈനിൽ തീപ്പൊരി കണ്ടതായും പെട്ടെന്ന് വൈദ്യുതി നിലച്ചെന്നും സമീപവാസികൾ പറഞ്ഞു.
മാറ്റി സ്ഥാപിച്ച പോസ്റ്റുകൾ വേണ്ടവിധം ഉറപ്പിക്കാൻ തൊഴിലാളികൾ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഓടനിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയപ്പോൾ പോസ്റ്റിനോടു ചേർന്നുള്ള മണ്ണുകൂടി നിർമ്മാണകമ്പനി അധികൃതർ ഇളക്കിയിരുന്നു. പോസ്റ്റ് ചരിയാൻ ഇതും കാരണമായി. പോസ്റ്റുകൾ ശരിയായ നിലയിൽ ഉറപ്പിക്കണമെന്ന് നാട്ടുകാർ നിരവധി തവണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
ഓട നിർമ്മാണത്തിന്റെ ഭാഗമായെടുത്ത വലിയ കുഴികൾ ഒരു വർഷത്തോളമായി മൂടാതെ കിടക്കുകയാണ്. ഇതും അപകടസാദ്ധ്യത ഉണ്ടാക്കുന്നുണ്ട്. കുഴി മൂടുന്ന കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. പോസ്റ്റുകൾ ക്യതൃമായി ഉറപ്പിക്കണമെന്നും ഓടയക്ക് ഇടയിലുള്ള കുഴികൾ മൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
തുരുതുരെ പൈപ്പ് പൊട്ടുന്നു
ഓടനിർമ്മാണത്തിനിടെ പള്ളിവേട്ടചിറയിലെയും നീരാവിൽ പാലത്തിന്റെ സമീപത്തെയും വീടുകളിലേക്കുള്ള വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകൾ പൊട്ടുന്നത് പതിവാണ്. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് വീട്ടുകാരുടെ ഏക ആശ്രയം വാട്ടർ അതോറിട്ടിയുടെ പൈപ്പിലെ വെള്ളമാണ്. ഓടനിർമ്മാണത്തിനായി പൈപ്പിന്റെ സ്ഥാനം മാറ്റിയതിനാൽ ആറ് മാസത്തോളം ഈ പ്രദേശത്തെ അമ്പതോളം വീട്ടുകാർക്ക് കുടിവെള്ളം ലഭിച്ചില്ല. ജനപ്രതിനിധികളും നാട്ടുകാരും നിർമ്മാണ കമ്പനി അധികൃതരുമായി നിരവധി തവണ ചർച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. നിർമ്മാണ സാമഗ്രികളുമായെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞതിന് ശേഷമാണ് കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായത്. വാട്ടർ അതോറിട്ടി ജീവനക്കാർ പൈപ്പുകൾ നന്നാക്കുന്ന ഭാഗത്ത് അടുത്ത ദിവസം തന്നെ ഓടനിർമ്മാണത്തിന് കുഴിയെടുക്കുമ്പോഴാണ് പൊട്ടുന്നത്.