mm
കല്ലട ജലോത്സവം

കുന്നത്തൂർ: മൂന്ന് പഞ്ചായത്തുകളുടെ സാംസ്കാരിക ഉത്സവമായ കല്ലട ജലോത്സവത്തിന്റെ ഈ വർഷത്തെ നടത്തിപ്പ് അനിശ്ചിതത്വത്തിൽ. വയനാട് ദുരന്തത്തെ തുടർന്ന് ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ജലോത്സവം നടത്തേണ്ടെന്ന സർക്കാർ തീരുമാനമാണ് കല്ലടയ്ക്ക് തിരിച്ചടിയായത്. സി.ബി.എൽ ജലോത്സവത്തിന്റെ നടത്തിപ്പിനായി ബഡ്ജറ്റിൽ ഫണ്ട് ഉൾപ്പെടുത്തിയിരുന്നു. വയനാടിന്റെ പുനരുദ്ധാരണത്തിനായി ഈ ഫണ്ട് കൂടി വകമാറ്റാനാണ് സർക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാഗത്തു നിന്ന് ജലോത്സവം ഉപേക്ഷിച്ച മട്ടിലുള്ള പ്രസ്താവനകളാണ് പുറത്തു വന്നത്.നെഹ്റു ട്രോഫി ജലോത്സവത്തിന് മുൻപായി ഇറങ്ങേണ്ടിയിരുന്ന സി.ബി.എൽ കലണ്ടറും ഇക്കുറി പുറത്തിറങ്ങിയിട്ടില്ല.

28-ാം ഓണനാളിൽ സംഘടിപ്പിക്കണം

സി.ബിഎൽ ജലോത്സവം സർക്കാർ ഉപക്ഷിച്ച സാഹചര്യത്തിൽ ഇരുപത്തിയെട്ടാം ഓണനാളിൽ കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇത്തവണ ഒക്ടോബർ 12നാണ് 28-ാം ഓണം ആഘോഷിക്കുന്നത്.

28-ാം ഓണത്തിന് കല്ലടയാറ്റിൽ നടന്നു കൊണ്ടിരുന്ന കല്ലട ജലോത്സവം മൺറോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മേള ആയിരുന്നു. എന്നാൽ സി.ബി.എൽ വള്ളം കളിയുടെ വരവോടെയാണ് കല്ലട വള്ളംകളി വഴിപാട് പോലെയായി മാറിയത്. അയൽ ജില്ലകളിൽ നിന്നടക്കം ടീമുകളെത്തി കളിച്ചു പോകുന്ന തരത്തിലേക്ക് കാര്യങ്ങൾ വഴിമാറുകയായിരുന്നു. ഇതിനാൽ കല്ലടയുടെ കരക്കാർ തമ്മില്ലുള്ള മത്സരവും ഓളവും ഇല്ലാതായി. ഇരുപത്തിയെട്ടാം ഓണത്തിന് നടന്നിരുന്ന കല്ലട ജലോത്സവം വേറെ മാസങ്ങളിലേക്ക് വഴിമാറ്റപ്പെട്ടു. ഇതിനാൽ മത്സരത്തിന്റെ പ്രാധാന്യവും ആവേശവും കുറഞ്ഞു പോയതായി നാട്ടുകാർ പറയുന്നു.

നിവേദനം നൽകി കോൺഗ്രസും ആർ.വൈ.എഫും

കല്ലട ജലോത്സവം 28-ാം ഓണനാളായ ഒക്ടോബർ 12ന് നടത്തണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദീപ്തി ശ്രാവണം കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് നിവേദനം നൽകി.കല്ലട ജലോസവം അതിന്റ തനിമയോടെ 28-ാം ഓണനാളിൽ നടത്തുവാൻ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും തയ്യാറാവണമെന്ന് കോൺഗ്രസ് മൺട്രോത്തുരുത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിബു മൺട്രോ ആവശ്യപ്പെട്ടു.ടൂറിസം മന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി.