കൊല്ലം :ആണവോർജ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആർ.ഇ.എല്ലി​ന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ഗ്രീൻ എനർജി ഫോറവുമായി ചേർന്ന് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികളുടെ ശാസ്ത്രബോധം വളർത്താൻ സംഘടിപ്പിക്കുന്ന ഇന്നോവേഷൻ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 12 ന് രാവിലെ 10ന് കൊല്ലം എസ്.എൻ വിമൻസ് കോളേജിൽ കളക്ടർ എൻ. ദേവീദാസ് നി​ർവഹി​ക്കും.

ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രവീണ്യം തെളിയിച്ച വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് ഇന്നോവഷൻ പരിശീലനവും പ്രൊജക്റ്റ് നടപ്പാക്കലും സംഘടിപ്പിക്കുന്നത്.

ഈ സ്കൂൾ വർഷത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നു തിരഞ്ഞെടുത്ത ഓരോ സ്കൂളുകളിൽ നിന്നും 6 ഗ്രൂപ്പുകളായി 24 വിദ്യാർത്ഥികളെയാണ് പ്രോജെക്ടിന്റെ ഭാഗമാക്കുന്നത്. ഓരോ സ്കൂളിനും ഓരോ മെന്റർ ടീച്ചറും താലൂക്ക് തലത്തിൽ ഓരോ താലൂക്ക് കോ ഓർഡിനേറ്ററും ജില്ലാ തലത്തിൽ ജില്ലാ കോ ഓർഡിനേറ്ററും ഉണ്ടാവും.