 
തൊടിയൂർ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ നിന്ന് ഗർഭിണിയായ ഭാര്യയും മക്കളുമായി കഷ്ടിച്ചു രക്ഷപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ സിറാജിന് പുതിയ ഓട്ടോറിക്ഷയുമായി കരുനാഗപ്പള്ളി സ്വദേശി നിയാസ് ഇ.കുട്ടി വയനാട്ടിൽ എത്തി. പ്രവാസിയായ സഹോദരന്റെ സഹായത്തോടെയാണ് നിയാസ് പുതിയ ഓട്ടോറിക്ഷ വാങ്ങി സിറാജിന് നൽകിയത്. കുടുംബത്തിന്റെ ജീവിത മാർഗ്ഗമായിരുന്ന ഓട്ടോറിക്ഷ ഉരുൾപൊട്ടലിൽ പൂർണമായും നശിച്ചുപോയ കാര്യം വാർത്താ മാദ്ധ്യമങ്ങളിലൂട അറിഞ്ഞാണ് നിയാസ് സഹായവുമായെത്തിയത്. വീട് ഉൾപ്പടെ എല്ലാം നഷ്ടപ്പെട്ട സിറാജ് ഗർഭിണിയായ ഭാര്യയും മക്കളുമായി ദുരന്ത സമയത്ത് മലമുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ ഈ കുടുംബം താത്ക്കാലിക വാടക വീട്ടിലാണ് താമസം. അവിടെയാണ് ഓട്ടോറിക്ഷ എത്തിച്ച് നൽകിയത്.