photo
പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിൽ വൈദ്യുതഭൂഗർഭ കേബിൽ സ്ഥാപിക്കുന്ന ജോലികൾ നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിൽ വൈദ്യുതി ട്രെയിൻ ഓടിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ബി.ഇയുടെ പുനലൂരിലെ 110കെ.വി സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികൾ ഇന്നലെ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിലെ സബ് സ്റ്റേഷനിൽ നിന്ന് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ വരെ 2.07 മീറ്റർ ദൂരത്തിലും 2 മീറ്റർ ആഴത്തിലുമാണ് കേബിളുകൾ സ്ഥാപിക്കുന്നത്. 14 കോടി രൂപയാണ് നിർമ്മാണ ച്ചെലവ് . 4മാസം കൊണ്ട് നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഫാത്തിമ കൺസ്ട്രക്ഷനാണ് നിർമ്മാണ ചുമതല.

സ്വന്തം സ്റ്റേഷനിൽ നിന്ന് വൈദ്യുതി

നിലവിൽ പെരിനാട്, ചെങ്കോട്ട സബ് സ്റ്റേഷനിൽ നിന്ന് പുനലൂർ റെയിൽവേ സ്റ്റേഷനിലെ സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിച്ചാണ് ട്രെയിൻ ഓടിക്കുന്നത്. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നായിരുന്നു പെരിനാട്,ചെങ്കോട്ട സബ് സ്റ്റേഷനുകളിൽ നിന്ന് പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് വൈദ്യുതി ലഭ്യമാക്കേണ്ടി വന്നത്. ഇത് കാരണം ദീർഘ ദൂര ട്രെയിൻ സർവീസുകൾ പുനലൂരിൽ എത്തിയ ശേഷം പശ്ചിമഘട്ട മല നിരക്കുകളിലൂടെ രണ്ട് എൻജിൻ ഉപയോഗിച്ചായിരുന്നു ചെങ്കോട്ട വരെ സർവീസ് നടത്തിയിരുന്നത്.

നിർമ്മാണോദ്ഘാടനം

പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്. കൊല്ലം-തിരുമംഗലം ദേശീയ പാതയടക്കം പ്രധാന പാതകൾ കടന്നാകും ഭൂഗർഭ കേബിൾ പോകുന്നത്. പരമാവധി ജനങ്ങളുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകൾ ഒഴുവാക്കിയായിരിക്കും നിർമ്മാണ ജോലികൾ പൂർത്തിയാക്കുക. ഫാ.ജോൺസന്റെ മുഖ്യകാർമ്മികത്വത്തിൽ നഗരസഭ വൈസ് ചെയർമാൻ രജ്ജിഞിത്ത് രാധാകൃഷനാണ് നിർമ്മാണ ജോലികൾ ഉദ്ഘാടനം ചെയ്തത്. നഗരസഭ പൊതുമാരാമത്ത് വകുപ്പ് സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീയ പിള്ള,കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ സജീവ് കേശി, പ്രവീൺ, ബൈജു,തുടങ്ങിയ റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.