car
തീപിടുത്തത്തിൽ കത്തിയ കാർ

കൊല്ലം: കടയ്ക്കൽ ചിതറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഇന്നലെ രാത്രി 7.30ന് ചിതറ കാഞ്ഞിരത്തുമൂട് ജംഗ്ഷനിലാണ് സംഭവം. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ കാറി​ൽ സംഭവ സമയം ഷിഹാബുദ്ദീനും പിതാവും മാത്രമാണ് ഉണ്ടായി​രുന്നത്. മടത്തറയിൽ നിന്ന് കടയ്ക്കലേക്കുള്ള യാത്രയി​ൽ. കാഞ്ഞിരത്തിൻ മൂടിന് സമീപം എത്തിയപ്പോൾ ബോണറ്റിൽ നിന്ന് പുക ഉയർന്നു. ഇതോടെ ഷിഹാബുദ്ദീൻ കാർ ഒതുക്കി പി​താവുമൊത്ത് പുറത്തിറങ്ങി. പെട്ടെന്ന് തീ ആളിക്കത്തി​. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് കടയ്ക്കൽ ഫയർഫോഴ്‌സും ചിതറ പൊലീസും സ്ഥലത്തെത്തി. അരമണിക്കുറോളം സമയമെടുത്താണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടി​ത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.