cashew

ഒന്നര പതിറ്റാണ്ട് മുമ്പു വരെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ കശുഅണ്ടി മേഖലയിൽ പണിയെടുത്തിരുന്നത്. വൻ ലാഭം കൊയ്യുന്ന വ്യവസായമായിരുന്നതിനാൽ സംസ്ഥാനത്തെ കശുഅണ്ടി വ്യവസായികൾ വൻ പ്രതാപികളായിരുന്നു താനും. കശുഅണ്ടി വ്യവസായത്തിൽ നിന്നുള്ള ലാഭത്തിലൂടെ അവർ മറ്റു പല ബിസിനസ് സംരംഭങ്ങളും പടുത്തുയർത്തി. എന്നാൽ കശുഅണ്ടി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണം ഇപ്പോൾ പതിനായിരങ്ങളിലേക്കു ചുരുങ്ങി. കടം കയറി,​ വ്യവസായികളിൽ പലർക്കും കിടപ്പാടം വരെ നഷ്ടമായി. അവശേഷിക്കുന്ന പലരും ജപ്തി ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രതിസന്ധികളെ അതിജീവിച്ച് പ്രവർത്തിക്കുന്ന കശുഅണ്ടി ഫാക്ടറികളെയും സ്തംഭനത്തിലേക്ക് തള്ളിവിടുന്ന മാറ്റങ്ങളാണ് ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കൂലിയടക്കം ഉയർന്ന സംസ്കരണ ചെലവും തോട്ടണ്ടിയുടെ വർദ്ധിപ്പിച്ച ഇറക്കുമതി തീരുവയുമൊക്കെയാണ് സംസ്ഥാനത്തെ കശുഅണ്ടി വ്യവസായത്തിന്റെ തകർച്ചയ്ക്ക് കാരണമായി സ്വകാര്യ വ്യവസായികൾ പറയുന്നത്. എന്നാൽ ആഗോള വിപണിയിൽ തോട്ടണ്ടി വിലയിലുണ്ടായ വൻ വർദ്ധനവ് ഇതുവരെ ഉണ്ടായതിനേക്കാൾ കടുത്ത പ്രതിസന്ധിയാണ് കശുഅണ്ടി വ്യവസായ മേഖലയിൽ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഉയർന്ന സംസ്കരണ ചെലവു കാരണം ഇതര സംസ്ഥാനങ്ങളിലേക്ക് ഫാക്ടറികൾ പറിച്ചുനട്ടവരും നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്.

ആഫ്രിക്കയിലും

സംസ്കരണം

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി ഉപയോഗിച്ചാണ് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും കശുഅണ്ടി ഫാക്ടറികൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ഘാന, ഐവറികോസ്റ്റ്, ഗിനിബസാവോ, ബെനിൻ, ടാൻസാനിയ, മൊസാംബിക്, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് തോട്ടണ്ടി ഇറക്കുമതി. അടുത്ത കാലത്തായി ആഫ്രിക്കയിലെ തോട്ടണ്ടി ഉത്പാദക രാജ്യങ്ങളിലെല്ലാം സംസ്കരണ വ്യവസായം വ്യാപകമായി. അവിടങ്ങളിൽ നിന്ന് കശുഅണ്ടി കയറ്റുമതിയും വർദ്ധിച്ചു. ഇതോടെ അവിടുത്തെ വ്യവസായത്തെ ബാധിക്കാതിരിക്കാൻ ബെനിൻ, ഐവറികോസ്റ്റ്, മൊസാംബിക്, ടാൻസാനിയ, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ തോട്ടണ്ടി കയറ്റുമതിക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇതിനു പുറമേ കാലാവസ്ഥയിലെ തിരിച്ചടികൾ കാരണം ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി ഉത്പാദനത്തിൽ ഈ സീസണിൽ ഇടിവുണ്ടായതായും പറയുന്നു. ബെനിനിൽ തോട്ടണ്ടി കയറ്റുമതി പൂർണമായും നിരോധിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിൽ അവിടുത്തെ ഫാക്ടറികൾക്ക് ആവശ്യമായ തോട്ടണ്ടി ലഭ്യമാക്കിയ ശേഷമേ കയറ്റുമതി ചെയ്യാവൂ എന്ന കർശന നിർദ്ദേശം നിലനിൽക്കുകയാണ്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവാണ് തോട്ടണ്ടി വിലയിൽ ഉണ്ടായിരിക്കുന്നത്.

വിപണി വില

കുതിക്കുന്നു

ഒരു മെട്രിക് ടൺ തോട്ടണ്ടി 1190 ഡോളറിനാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്കായി കാഷ്യു കോർപ്പറേഷൻ ഏറ്റവും ഒടുവിൽ വാങ്ങിയത്. എന്നാൽ ഇപ്പോൾ 1800 മുതൽ 2000 ഡോളർ വരെയാണ് ആഗോള വിപണിയിലെ വില. 5000 ടണ്ണിനായി കാഷ്യു ബോർഡ് ടെണ്ടർ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. നിലവിലുള്ള സ്റ്റോക്ക് ഒക്ടോബറിൽ തീരുന്നതോടെ പൊതുമേഖലയിലുള്ള കാഷ്യു കോർപ്പറേഷന്റെയും കാപെക്സിന്റെയും ഉടമസ്ഥതയിലുള്ള 35 ഫാക്ടറികളും സംസ്കരിക്കാൻ തോട്ടണ്ടിയില്ലാതെ അടയും. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പതിനയ്യായിരത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും. സ്വകാര്യ മേഖലയിൽ സംസ്ഥാനത്ത് നേരത്തെ എണ്ണൂറോളം കശുഅണ്ടി ഫാക്ടറികളുണ്ടായിരുന്നു. ഇതിൽ നിലവിൽ പ്രവർത്തിക്കുന്ന നൂറോളം ഫാക്ടറികളും പൂട്ടേണ്ടി വരും.

അടുത്തിടെ 1500 ഡോളർ നിരക്കിൽ തോട്ടണ്ടി വാങ്ങി സംസ്കരിച്ചവർക്ക് കിലോയ്ക്ക് പത്തു രൂപ വീതം നഷ്ടമുണ്ടായതായി വ്യവസായികൾ പറയുന്നു. ഭാഗികമായി യന്ത്രവൽക്കരിച്ച ഫാക്ടറിയിൽ ഒരു കിലോ തോട്ടണ്ടി സംസ്കരിക്കുമ്പോൾ 183 രൂപ വരെ ചെലവാകും. അതിൽ നിന്നു കിട്ടുന്ന കശുഅണ്ടി പരിപ്പ് വിൽക്കുമ്പോൾ 171 രൂപ മാത്രമേ ലഭിക്കൂ. തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്ന ഫാക്ടറികളുടെ നഷ്ടം ഇതിനേക്കാൾ ഭീമമായിരിക്കും.

ബോർഡിന്

നഷ്ടക്കച്ചവടം

പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷനും കാപെക്സിനും തോട്ടണ്ടി ഇറക്കുമതി ചെയ്തു നൽകുന്ന സർക്കാർ ഏജൻസിയായ കാഷ്യു ബോർഡും കനത്ത നഷ്ടത്തിലാണ്. തോട്ടണ്ടി വിലയുടെ 60 ശതമാനം വരെ മാത്രമേ ഇരു സ്ഥാപനങ്ങളും കാഷ്യു ബോർഡിന് തിരിച്ചുനൽകുന്നുള്ളൂ. ഇങ്ങനെ ഓരോ ഇടപാടിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിടുന്ന കാഷ്യു ബോർഡ് സർക്കാർ സഹായം കൊണ്ടാണ് പിടിച്ചുനൽകുന്നത്. തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം നഷ്ടമാകാതിരിക്കാൻ ആറ് മാസത്തിനിടയിൽ 156 ഹാജർ ലഭിക്കുന്ന തരത്തിൽ തൊഴിൽ നൽകാനുള്ള തോട്ടണ്ടി മാത്രമാണ് വാങ്ങിനൽകുന്നത്. കാഷ്യു ബോർഡിനുള്ള സർക്കാർ സഹായം ഇങ്ങനെയാണ്: 2022-23ൽ 60.85 കോടി,​ 2023- 24 ൽ 76.55 കോടി,​ 2024- 25ൽ 41.55 കോടി വകയിരുത്തി.

ആഭ്യന്തര ഉത്പാദനം

വർദ്ധിപ്പിക്കണം

ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചെങ്കിലേ ആഗോള വിപണിയിലെ തോട്ടണ്ടി വില വർദ്ധനവ് മറികടക്കാനാകൂ. പക്ഷേ,​ അത് വേഗത്തിൽ സാദ്ധ്യമല്ല. രാജ്യത്തെ കശുഅണ്ടി ഫാക്ടറികൾക്ക് പ്രവർത്തിക്കാൻ പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ തോട്ടണ്ടി വേണം. എന്നാൽ ശരാശരി 6.5 ലക്ഷം മാത്രമാണ് ശരാശരി ഉത്പാദനം. കേരളത്തിൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ പതിറ്റാണ്ടുകളായി ശ്രമം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ശരാശരി 35,​000 മെട്രിക് ടൺ മാത്രമാണ് കേരളത്തിലെ ആഭ്യന്തര ഉത്പാദനം. ഇതിൽ ഭൂരിഭാഗവും പൂക്കുമ്പോൾത്തന്നെ വിലയുറപ്പിച്ച് ഇതരസംസ്ഥാന കമ്പനികൾ സ്വന്തമാക്കുകയാണ്.

ഇടപെടൽ

ഉണ്ടാകണം

പതിനായിരക്കണക്കിന് തൊഴിലാളികൾ വഴിയാധാരമാകുന്ന സ്ഥിതി ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണം. തോട്ടണ്ടിയുടെ 2.5 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയാൽ വലിയ ആശ്വാസമാകും. അതിനു പുറമേ ഫാക്ടറികൾ യന്ത്രവൽക്കരിക്കാനും തൊഴിലാളികളുടെ ഇ.എസ്.ഐ, പി.എഫ് വിഹിതം എന്നിവ അടയ്ക്കാനുമുള്ള സഹായം ഉൾപ്പെടെയുള്ള പാക്കേജും നടപ്പായാലേ നിലവിലെ കടുത്ത പ്രതിസന്ധിയെ അതിജീവിക്കാനാകൂ.

 കാഷ്യു ബോർ‌ഡിന്റെ തോട്ടണ്ടി ഇടപാട് നിരക്ക്

മെട്രിക് ടൺ

വില ഡോളറിൽ

2022- 1380

2023- 1345
2024- 1190

നിലവിൽ ആഗോള വിപണി വില: 1800- 2000

ആഭ്യന്തര ഉത്പാദനവും

ആവശ്യവും (ടണ്ണിൽ)

രാജ്യത്ത് ആകെ വേണ്ടത്: 20 ലക്ഷം

ആഭ്യന്തര ഉത്പാദനം: 6.5 ലക്ഷം

കേരളത്തിലെ ഉത്പാദനം: 35,​000

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏറ്റവും കുറഞ്ഞ ആവശ്യം: 20,​000